NationalNews

പിതാവിന് ഹൃദയാഘാതം ; ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു. പിതാവിന്റെ അനാരോഗ്യത്തെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസ് മന്ഥന അപകടനില തരണം ചെയ്തു. ഇന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ വച്ചാണ് സ്മൃതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.

വിവാഹച്ചടങ്ങുകള്‍ക്കിടെ ഇന്ന് രാവിലെയാണ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. ഇന്ന് പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാകാന്‍ തുടങ്ങി. റിസ്‌ക് എടുക്കാന്‍ സാധിക്കില്ലായിരുന്നു. ഉടന്‍ ആംബുലന്‍സ് വിളിച്ച് ഹോസ്പിറ്റിലേക്ക് തിരിച്ചു – സ്മൃതിയുടെ മാനേജര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു.

പിതാവിനോട് സ്മൃതിക്കുള്ള അടുപ്പം നമുക്കെല്ലാം അറിയാവുന്നതാണല്ലോ. അദ്ദേഹം സുഖം പ്രാപിക്കുന്നത് വരെ വിവാഹം നീട്ടിവയ്ക്കാന്‍ സ്മൃതി തീരുമാനിച്ചു. നിലവില്‍ അദ്ദേഹം ഒബ്‌സര്‍വേഷനിലാണ്. ഹോസ്പിറ്റലില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അവര്‍ വിവിധ ടെസ്റ്റുകള്‍ നടത്തുകയാണ്. ഞങ്ങളെല്ലാവരും വലിയ ഞെട്ടലിലാണ്. അദ്ദേഹം പെട്ടന്ന് സുഖം പ്രാപിക്കുമെന്നാണ് കരുതുന്നത് – മാനേജര്‍ വ്യക്തമാക്കി.

ശ്രീനിവാസ് അപകടനില തരണം ചെയ്‌തെന്നും മീഡിയ മാനേജര്‍ പറഞ്ഞു. എന്നാല്‍ വിവാഹച്ചടങ്ങുകള്‍ തിടുക്കപ്പെട്ട് വേണ്ടെന്നാണാണ് ഇരുകുടുംബങ്ങളുടെയും തീരുമാനം. ദീര്‍ഘനാളെത്തെ പ്രണയത്തിനൊടുവിലാണ് സംവിധായകനും ഗായകനുമായ പലാഷ് മുഛലും സ്മൃതിയും തമ്മിലുള്ള വിവാഹം തീരുമാനിച്ചത്. ഇന്ത്യന്‍ ലോകകപ്പ് വിജയിച്ച നവി മുംബൈ സ്റ്റേഡിയത്തിലെത്തി പലാഷ് മോതിരം കൈമാറിയതും ടീമിലെ സഹതാരങ്ങളുമായുള്ള സ്മൃതിയുടെ ഡാന്‍സും മെഹന്തി ചടങ്ങിന്റെ ദൃശ്യങ്ങളുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button