‘പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ മുഖത്തടിക്കാന്‍ തോന്നാറുണ്ട്’ ; വിവാദ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ മുഖത്തടിക്കാന്‍ തോന്നാറുണ്ടെന്നുള്‍പ്പെടെയുള്ള രൂക്ഷമായ വിമര്‍ശനങ്ങളാണ് തെലങ്കാന മുഖ്യമന്ത്രി ഉന്നയിച്ചത്. സ്വയം മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞുനടക്കുന്ന പലര്‍ക്കും അക്ഷരങ്ങള്‍ പോലും നേരാംവണ്ണം അറിയില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ ബഹുമാനിക്കണം എന്ന സാമാന്യബോധം പോലും അവര്‍ക്കില്ല തുടങ്ങിയവയായിരുന്നു ഹൈദരാബാദില്‍ നടന്ന പൊതുപാരിപാടിയില്‍ രേവന്ത് റെഡ്ഡി ഉന്നയിച്ച വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
‘മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പോലും ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയില്ല. അവരെ ബഹുമാനിക്കില്ല. വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോള്‍ അഹങ്കാരത്തോടെ മുന്‍നിരയില്‍ ഇവരെ കാണാം. എന്നിട്ട്, ഞാന്‍ അവരെ ബഹുമാനിക്കാത്തതിന്റെ പേരില്‍ പലരും ദേഷ്യം പ്രകടിപ്പിക്കുന്നത് കാണാം. ഇത്തരം പെരുമാറ്റം കാണുമ്പോള്‍ എനിക്ക് അവരുടെ കരണം അടിച്ചു പൊളിക്കാന്‍ തോന്നാറുണ്ട്,’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ മാധ്യമസ്ഥാപനങ്ങള്‍ ആരംഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും രേവന്ത് റെഡ്ഡി വിമര്‍ശിച്ചു. ക്രമക്കേടുകള്‍ മറച്ചുവെക്കാനും, സമ്പത്ത് സംരക്ഷിക്കാനും, അവരെ ചോദ്യം ചെയ്യുന്നവരെ അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ മാധ്യമങ്ങള്‍ ആരംഭിക്കുന്നു. ഇത് മാധ്യമപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പരാമര്‍ശം.