
തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കമാകും. രാവിലെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. തീർത്ഥാടന സമ്മേളനം ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.രമേശ് ചെന്നിത്തല അധ്യക്ഷനാകും.
ജനുവരി ഒന്നു വരെയാണ് തീർത്ഥാടനം. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി രാജേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും.
ഗുരുവിന്റെ അഷ്ട സന്ദേശങ്ങളിൽ അധിഷ്ഠിതമായി 14 സമ്മേളനങ്ങൾ നടക്കും. ഗുരു ശിഷ്യൻ സ്വാമി ബോധാനന്ദയുടെ അഭിഷേക ശതാബ്ദി, ഗുരു– മഹാത്മജി സമാഗമ ശതാബ്ദി സമാപനം, സ്വാമി സത്യവ്രത സമാധി ശതാബ്ദി, ഗുരു– സ്വാമി ശ്രദ്ധാനന്ദ സമാഗമ ശതാബ്ദി എന്നിവയുടെ നിറവിലാണ് ഇത്തവണത്തെ തീർഥാടനം.




