
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ നാലിടങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഹാര്‍ഡ് കോപ്പികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. കേരളത്തിന് ഒപ്പം പുറത്തുവരുന്നത് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നിവിടങ്ങളിലെ പട്ടിക.
സ്ഥലംമാറിയതോ,മരിച്ചു പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ വോട്ടര്‍ മാരുടെ പട്ടികയും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം, https://voters.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാം.EPIC നമ്പര്‍ അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ കഴിയും.
എസ്‌ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ കേരളം കത്തയച്ചിരുന്നു. എന്യുമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. 25 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്നും 2025ലെ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഫോം ലഭിച്ചിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിതരണം ചെയ്യാത്ത ഫോമുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മാപ്പിംഗ് പ്രക്രിയ പൂര്‍ണമായിട്ടില്ലെന്നും ചീഫ് സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.
ചില ബൂത്തുകളില്‍ വിവരം ശേഖരിക്കാന്‍ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം അസാധാരണമായി ഉയര്‍ന്നു. ഇത് ഗൗരവത്തോടെ പരിശോധിക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ പലര്‍ക്കും വോട്ട് അവകാശം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്ന് കത്തില്‍ പറയുന്നു. പല കാരണങ്ങളാലാണ് ഇവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. എന്യുമറേഷന്‍ ഫോം പലര്‍ക്കും ലഭ്യമായിട്ടില്ല. ഫോം കൈപ്പറ്റാത്തവര്‍ മരിച്ചുവെന്നോ സ്ഥലത്തില്ലാത്തവര്‍ എന്നോ ആണ് രേഖപ്പെടുത്തുന്നത്. രാഷ്ട്രീയപാര്‍ട്ടികളും വോട്ടര്‍മാര്‍ക്കും പരിശോധിച്ച് തിരുത്തലുകള്‍ വരുത്താനുള്ള അവസരങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി പറയുന്നു. എന്യുമറേഷന്‍ ഫോം ലഭിക്കാത്ത ബൂത്തുകളുടെ എണ്ണം സംസ്ഥാനം എടുത്തുകൊണ്ടിരിക്കുകയാണെന്ന് കത്തില്‍ പറയുന്നുണ്ട്.



