KeralaNews

കപ്പൽ അപകടം: ഡോണിയര്‍ വിമാനങ്ങള്‍ രംഗത്ത്, തീരത്ത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍; ജാഗ്രതാനിര്‍ദേശം

കേരളത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ കപ്പല്‍ (MSC ELSA3) മുങ്ങിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. തീരപ്രദേശത്ത് ഉള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. MSC ELSA3 എന്ന കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയതിനെ തുടര്‍ന്നുള്ള സാഹചര്യം നേരിടുന്നതിനെ കുറിച്ച് ആലോചിക്കാനാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചത്.

തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും രക്ഷിച്ചു. തീരപ്രദേശത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം. കപ്പലില്‍ 643 കണ്ടെയ്‌നറുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ 73 എണ്ണം കാലി കണ്ടെയിനറുകള്‍ ആണ്. 13 എണ്ണത്തില്‍ ചില അപകടകരമായ വസ്തുക്കള്‍ ആണ്. ഇവയില്‍ ചിലതില്‍ കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തു ഉണ്ട്. ഇത് വെള്ളവുമായി ചേര്‍ന്നാല്‍ തീ പിടിക്കാവുന്നതും പൊള്ളലിന് കാരണമാകാവുന്നതുമാണ്. കപ്പലിലെ ഇന്ധനവും ചോര്‍ന്നിട്ടുണ്ടെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 9 കണ്ടെയ്‌നറുകള്‍ കരയ്ക്കടിഞ്ഞു. ശക്തികുളങ്ങര ഹാര്‍ബറിന് സമീപം നാല് എണ്ണവും ചവറയ്ക്ക് സമീപം മൂന്ന് എണ്ണവും ചെറിയഅഴീക്കലില്‍ ഒരെണ്ണവും ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ മറ്റൊരെണ്ണവും കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാന്‍ പൊടി തളിക്കുന്ന ജോലി പുരോഗമിക്കുകയാണ്.

ടയര്‍ 2, ഇന്‍സിഡന്റ് കാറ്റഗറിയില്‍ ഉള്ള ദുരന്തം ആയതിനാല്‍ ദേശീയ സേനകളെയും സൗകര്യങ്ങളെയും റിസോഴ്‌സുകളും ഉപയോഗിച്ചാണ് പ്രതികരണ- പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ ആണ് ദേശീയ എണ്ണപ്പാട പ്രതിരോധ പദ്ധതിയുടെ അദ്ധ്യക്ഷന്‍. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ ആണ് കണ്ടെയിനര്‍ എത്താന്‍ കൂടുതല്‍ സാധ്യത. എണ്ണപ്പാട പടരാം എന്നതിനാല്‍ കേരള തീരത്ത് പൂര്‍ണ്ണമായും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാധ്യമായ എല്ലാ നടപടികളും വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ചു ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

‘വെള്ളം തൊട്ടാല്‍ തീപിടിക്കും, കാല്‍സ്യം കാര്‍ബൈഡ് അപകടകാരി’; കണ്ടെയ്നറുകളുടെ അടുത്തു പോവരുതെന്ന മുന്നറിയിപ്പിന് പിന്നില്‍

Advertisement

ജാഗ്രതാനിര്‍ദേശങ്ങള്‍:

  1. തീരത്ത് അപൂര്‍വ്വ വസ്തുക്കള്‍, കണ്ടെയിനറുകള്‍ എന്നിവ കണ്ടാല്‍ തൊടരുത്, അടുത്ത് പോകരുത്, അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്റര്‍ എങ്കിലും അകലെ നില്‍ക്കുക,112 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് അറിയിക്കുക.
  2. മത്സ്യ തൊഴിലാളികള്‍ നിലവില്‍ കടലില്‍ പോകരുത് എന്ന നിര്‍ദേശം കാലാവസ്ഥാ സംബന്ധിയായി തന്നെ നല്‍കിയിട്ടുണ്ട്.
  3. കപ്പല്‍ മുങ്ങിയ ഇടത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെ വരെയുള്ള പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്. അപൂര്‍വ്വ വസ്തുക്കള്‍, കണ്ടെയ്‌നര്‍ എന്നിവ കണ്ടാല്‍ തൊടരുത്, അടുത്ത് പോകരുത് 112ല്‍ അറിയിക്കുക എന്ന നിര്‍ദേശം മത്സ്യ തൊഴിലാളികള്‍ക്കും ബാധകം ആണ്.
  4. കണ്ടെയ്നറുകള്‍ കരയില്‍ സുരക്ഷിതമായി മാറ്റാന്‍ JCB, ക്രെയിനുകള്‍ വിനിയോഗിക്കാന്‍ Factories and Boilers വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് വീതം റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ തൃശ്ശൂര്‍ മുതല്‍ തെക്കന്‍ ജില്ലകളിലും, ഓരോ ടീമുകള്‍ വീതം വടക്കന്‍ ജില്ലകളിലും തയ്യാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
  5. എണ്ണപ്പാട തീരത്ത് എത്തിയാല്‍ കൈകാര്യം ചെയ്യാന്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ട് വീതം റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ തൃശ്ശൂര്‍ മുതല്‍ തെക്കന്‍ ജില്ലകളിലും ഓരോന്ന് വീതം വടക്കന്‍ ജില്ലകളിലും തയ്യാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
  6. ജില്ലാദുരന്ത നിവാരണ അതോറിറ്റിയും പൊലീസും മറ്റു വകുപ്പുകളും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നതായിരിക്കും.

ചാവക്കാട് തീരത്ത് ഇരുമ്പുപെട്ടി അടിഞ്ഞു; ഉള്ളില്‍ മെറ്റല്‍ ലിങ്കുകള്‍, ദുരൂഹത

  1. കപ്പലിലെ എണ്ണ കടലിന്റെ താഴെത്തട്ടില്‍ പെട്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍, കോസ്റ്റ് ഗാര്‍ഡ്, നേവി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഫാക്ടറീസ് & ബോയിലേഴ്‌സ് എന്നിവരെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
  2. ഓയില്‍ സ്പില്‍ കണ്ടിജന്‍സി കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ സജ്ജീകരണമൊരുക്കാന്‍ കോസ്റ്റ് ഗാര്‍ഡ്, പോര്‍ട്ട് വകുപ്പ്, നേവി എന്നിവരോട് നിര്‍ദേശിച്ചിട്ടുണ്ട്.
  3. കണ്ടെയിനര്‍, എണ്ണപ്പാട, കടലിന്റെ അടിയിലേക്ക് പോങ്ങുന്ന എണ്ണ എന്നിവ കൈകാര്യം ചെയ്യുവാന്‍ പ്രത്യേകം നിര്‍ദേശങ്ങള്‍ ജില്ലകള്‍ക്കും വകുപ്പുകള്‍ക്കും നല്‍കിയിട്ടുണ്ട്.
  4. പൊതുജനങ്ങളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധന മേഖലയുടെ സംരക്ഷണം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തങ്ങള്‍ക്കായിരിക്കും സംസ്ഥാനം മുന്‍ഗണന നല്‍കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button