Cinema

ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു; പരാതിയില്ലെന്ന് വിന്‍ സി; കേസ് ഒത്തുതീര്‍പ്പിലേക്ക്?

കൊച്ചി: നടി വിന്‍ സി ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഉയര്‍ത്തിയ ലഹരി പരാതി ഒത്തുതീര്‍പ്പിലേക്ക്. സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചതോടെയും വിന്‍ സി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെയുമാണ് ഒത്തുതീര്‍പ്പായത്. സിനിമയുടെ ഐസി കമ്മിറ്റിക്ക് മുന്‍പാകെയാണ് പരാതി ഒത്തുതീര്‍പ്പായത്. ഒടുവില്‍ ഇരുവരും കൈകൊടുത്ത് പിരിഞ്ഞു. സിനിമയുമായി സഹകരിക്കുമെന്നും അറിയിച്ചു. ഐസിസി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.

കഴിഞ്ഞ ദിവസമാണ് ഇരുവരും ഐസിസിക്ക് മുന്‍പാകെ ഹാജരായത്. സിനിമയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് വിന്‍ സി വ്യക്തമാക്കിയിരുന്നു. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും നിയമപരമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നും വിന്‍ സി പറഞ്ഞിരുന്നു. ‘സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്കുവേണ്ടത്’- എന്നായിരുന്നു വിന്‍ സി നിലപാട് വ്യക്തമാക്കിയത്.

സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച നടനില്‍നിന്നും മോശം അനുഭവമുണ്ടായി എന്ന് വിന്‍ സി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് വിന്‍ സി ഫിലിം ചേംബറിന് പരാതി നല്‍കുകയായിരുന്നു. ഈ പരാതി പിന്നീട് പുറത്ത് വരികയും ലഹരി ഉപയോഗിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന വിവരം പുറത്ത് വരികയുമായിരുന്നു. പരാതിയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിന്‍ സി രംഗത്ത് വരികയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയ ഡാന്‍സാഫ് സംഘത്തെ കണ്ട് ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപെട്ടിരുന്നു. പിന്നീട് തമിഴ്‌നാട്ടിലേയ്ക്ക് കടന്ന ഷൈന്‍ പൊലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പൊലീസ് മണിക്കൂറുകളോളം ഷൈനെ ചോദ്യം ചെയ്യുകയും ലഹരി ഉപയോഗം സംബന്ധിച്ച് പൊലീസ് ഷൈന്റെ വിശദമായി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഷൈന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.

അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാ താരങ്ങളുടെ ബന്ധം എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളെന്ന തസ്ലിമയുടെ മൊഴിയില്‍ വ്യക്തത വരുത്താന്‍ ഇന്നും കൂടുതല്‍ ചോദ്യം ചെയ്യും. ലഹരിക്കേസില്‍ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരുകയും ചെയ്യും.

തസ്ലീമ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണസംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. താനും സിനിമാ മേഖലയില്‍ നിന്നുള്ള ആളാണെന്നും ഷൈനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും എന്നാല്‍ ഈ കേസുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല എന്നാണ് തസ്ലീമ പറഞ്ഞിരുന്നത്. നേരത്തെ ഇവരുമായി ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് തസ്ലീമ മൊഴി നല്‍കിയിരുന്നത്. ഇരു നടന്മാരെയും അന്വേഷണസംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും. സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി എത്തിച്ചുനല്‍കുന്ന പ്രധാനപ്പെട്ടയാളാണ് തസ്ലീമ എന്നാണ് പൊലീസിന്റെ നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button