
നടി വിൻസി അലോഷ്യസിന്‍റെ പരാതിയിൽ പൊലീസിനോട് പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ലഹരിക്കേസിൽ അറസ്റ്റിലായ ഷൈൻ പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് നടിയുടെ പരാതിയിലുള്ള പ്രതികരണം തേടിയത്. വിൻസിയുടെ പരാതി അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്ന പരാതിയാണെന്നും വിൻസി കുടുംബ സുഹൃത്താണെന്നുമാണ് ഷൈൻ ടോം ചാക്കോ പറഞ്ഞു. താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ശരിവെയ്ക്കില്ലെന്നും അവരോട് ആവശ്യമെങ്കിൽ വിളിച്ചു ചോദിക്കുവെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റിൽ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈൻ മൊഴി നൽകി.
അതേസമയം, ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനെന്നാണ് എഫ്ഐആറിലുള്ളത്. ബിഎൻഎസ് 238 തെളിവു നശിപ്പിക്കലും ഷൈനിനെതിരെ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ എന്‍ഡിപിഎസ് 27 (B), എഡിപിഎസ് 29 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഷൈൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നു ഉത്തമ വിശ്വാസം വന്നുവെന്നും എഫ്ഐആറിലുണ്ട്.