നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ എത്രയും വേഗം ഹാജരാവണമെന്ന് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് നോട്ടീസ് അയക്കും. രാസ പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് ലഭിച്ച് 5 ദിവസത്തിനകം ഷൈന്‍ ഹാജരാകണമെന്നും നിര്‍ദേശം ഉണ്ട്. എ സി പി മേലുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം.
ഷൈന്‍ ഏതെങ്കിലും തരത്തില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നകാര്യങ്ങളിലടക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നടനെ വിളിച്ചുവരുത്തുന്നത്. ഇന്നലെയാണ് ഷൈന്‍ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കഴിഞ്ഞ 5 ദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഷൈന്‍. ഏറ്റവും ഒടുവിലാണ് നടനെ തേടി പൊലീസ് സംഘം മുറിയിലേക്ക് എത്തുന്നത്. അപ്പോഴാണ് ഡാന്‍സാഫ് സംഘത്തെ വെട്ടിച്ച് ഹോട്ടല്‍ മുറിയില്‍ നിന്ന് ഷൈന്‍ ഓടിപ്പോയത്. നിലവില്‍ തമിഴ്‌നാട്ടിലാണ് ഷൈന്‍ ഉള്ളത്. ഷൈനിന്റെ മുറിയിലെത്തിയ രണ്ട് സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് ലഹരി ഉപയോഗവുമായി ബന്ധമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ഷൂട്ടിംഗിനിടയില്‍ ലഹരി ഉപയോഗിച്ച നടന്‍ മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുകയും ധൈര്യപൂര്‍വ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.