വട്ടിയൂർക്കാവിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിപ്പിക്കും; ശ്രീലേഖയ്ക്ക് വാഗ്ദാനം

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ പദവിയിലേയ്ക്ക് പരിഗണിക്കാതിരുന്ന ആർ ശ്രീലേഖയെ അനുനയിപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിപ്പിക്കാമന്ന വാഗ്ദാനമാണ് നേതൃത്വം നൽകിയിരിക്കുന്നത്. വട്ടിയൂർക്കാവിൽ പരാജയപ്പെട്ടാൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷപദവി അടക്കമുള്ള സ്ഥാനങ്ങളും സംസ്ഥാന നേതൃത്വം ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച ധാരണയോട് ശ്രീലേഖ എതിപ്പറിയിച്ചിട്ടില്ല. മേയർ സ്ഥാനത്ത് പരിഗണിക്കാത്തത് സംബന്ധിച്ച്പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം ശ്രീലേഖയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
നേരത്തെ ബിജെപി സംസ്ഥാന നേതൃത്വം മേയർ സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാണിച്ചിരുന്ന ശ്രീലേഖയെ ഒഴിവാക്കേണ്ടി വന്നതിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് അടക്കം അതൃപ്തിയുണ്ടെന്ന് വാർത്തകൾക്കിടയിലാണ് ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സംസ്ഥാന നേതൃത്വം രംഗത്ത് രംഗത്ത് വന്നിരിക്കുന്നത്. ആർഎസ്എസ് ദേശീയ നേതൃത്വത്തിൻ്റെ അടക്കം ഇടപെടലിനെ തുടർന്നാണ് മേയർ പദവിയിലേയ്ക്കുള്ള തീരുമാനത്തിൽ അവസാന നിമിഷം ട്വിസ്റ്റുണ്ടായത്. വി വി രാജേഷിനെ മേയർ പദവിയിലേയ്ക്ക് എത്തിക്കാൻ ആർഎസ്എസിനെ അടക്കം ഇടപെടുത്തി വി വി മുരളീധര പക്ഷം നടത്തിയ നീക്കംഫലം കാണുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു വി വി രാജേഷിനെ ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജി എസ് ആശാനാഥിനെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചിരുന്നു.
ഏത് പ്രതിസന്ധിയിലും ഒപ്പം നിന്നിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ 45 വർഷത്തിന് ശേഷം ആദ്യമായാണ് എൽഡിഎഫിന്‍റെ കയ്യിൽ നിന്ന് പോയത്. കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായായിരുന്നു ബിജെപിയുടെ മുന്നേറ്റം. ആകെയുള്ള 101 സീറ്റിൽ എൻഡിഎ 50 സീറ്റ് നേടിയപ്പോൾ എൽഡിഎഫ് 29 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. യുഡിഎഫ് 19 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് പോയി. രണ്ട് സ്വതന്ത്രരാണ് ജയിച്ചത്. വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ തവണ 51 സീറ്റായിരുന്നു എൽഡിഎഫ് നേടിയത്. എൻഡിഎ 34 സീറ്റ് നേടിയപ്പോൾ 10 സീറ്റായിരുന്നു യുഡിഎഫിന്.



