എന്താണ് പാർട്ടി എന്ന് ശശി തരൂർ മനസ്സിലാക്കണം; വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ

ന്യൂഡൽഹി: ശശി തരൂരിനെ വിമർശിച്ച് ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എൻ കെ പ്രേമചന്ദ്രൻ. എന്താണ് പാർട്ടി എന്ന് ശശി തരൂർ മനസ്സിലാക്കണമെന്നും രാജ്യതാൽപര്യവും പാർട്ടി താൽപര്യവും ഒന്നാകണമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. പാർട്ടിയുടെ രാഷ്ട്രീയ സിസ്റ്റത്തെക്കുറിച്ച് തരൂർ ബോധവാനല്ല. തരൂർ മറ്റൊരു മേഖലയിൽനിന്ന് പാർട്ടിയിൽ വന്ന ആളാണെന്നും താനടക്കം പാർട്ടിയുടെ താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ച് വന്നതാണെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.
ജനങ്ങളുടെയും രാജ്യത്തിന്റെയും നന്മയ്ക്കാണ് പാർട്ടി. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ രാജ്യതാൽപര്യങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നത്. കോൺഗ്രസ് പാർട്ടി രാജ്യതാൽപര്യത്തിന് എതിരാണെന്ന് പറയാൻ കഴിയുമോ എന്നും എൻ കെ പ്രേമചന്ദ്രൻ ചോദിച്ചു.
ഇന്നലെ ശശി തരൂർ വിഷയത്തിൽ കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചിരുന്നു. ശശി തരൂരിൻ്റെ കാര്യം തങ്ങൾ വിട്ടുവെന്നും അദ്ദേഹത്തെ തങ്ങളുടെ കൂട്ടത്തിൽ കൂട്ടുന്നില്ലയെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു. നടപടി വേണമോ വേണ്ടയോ എന്ന് ദേശീയ നേതൃത്വം തീരുമാനിക്കും. നിലപാട് തിരുത്താതെ തിരുവനന്തപുരത്ത് ഒരു പരിപാടിയിലും തരൂരിനെ പങ്കെടുപ്പിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു.