Kerala

ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആറ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരം ലഭിക്കും. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചത്.

ഇന്നലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസ മന്ത്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുകയെന്ന് കോടതി ചോദിച്ചിരുന്നു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോ എന്നും കോടതി ചോദിച്ചിരുന്നു.

എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നിട്ടും തങ്ങളുടെ കക്ഷികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചിരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. പരീക്ഷാഫലം പുറത്തുവിടാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശമുണ്ടെന്നും വാദമുയര്‍ന്നു. ഇതോടെയാണ് എന്ത് അധികാരത്തിന്റെ പേരിലാണ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തത് എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചത്.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ്. രാജ്യത്തെ ക്രിമിനല്‍ നിയമസംവിധാനം ലക്ഷ്യമിടുന്നത് കുറ്റവാളികളുടെ പരിവര്‍ത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്തെന്ന പേരില്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കാനോ പരീക്ഷാഫലം തടഞ്ഞുവയ്ക്കാനോ സാധിക്കുമോ? കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു എന്നതിന്റെ പേരില്‍ പരീക്ഷയെഴുതുന്നത് വിലക്കാന്‍ അധികാരമുണ്ടോ?’, കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകാമെന്ന് വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷത്തിലാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button