Kerala

അഞ്ചുവയസ്സുകാരനെ കൊല്ലാന്‍ ശ്രമം; അച്ഛന് ഏഴ് വര്‍ഷം തടവ്; രണ്ടാനമ്മയ്ക്ക് പത്ത് വര്‍ഷം തടവ്

ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷ. പിതാവ് ഷെരീഫിന് ഏഴുവര്‍ഷം തടവും രണ്ടാനമ്മ അനീഷയ്ക്ക് പത്തുവര്‍ഷം തടവും ശിക്ഷ വിധിച്ചു. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. അച്ഛന് 50,000 രൂപ പിഴയും ചുമത്തി.

സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവം. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 150 ലേറെ മുറിവുകളാണ് ആ കുഞ്ഞു ശരീരത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നത്.

ദൃക്സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം ഷെഫീഖ് വർഷങ്ങളായി അൽ-അസ്ഹർ മെഡിക്കൽ കോളജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ഓഗസ്റ്റിൽ ജഡ്ജി ആഷ് കെ.ബാൽ ഷെഫീഖിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button