ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായി ; അഭിഭാഷകൻ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തതിൽ ആരോപണവുമായി അഭിഭാഷകൻ രംഗത്ത്. നടപടിക്രമങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായിട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിലെടുത്തതെന്ന് പോറ്റിയുടെ അഭിഭാഷകൻ അഡ്വ. ശാസ്തമംഗലം അജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ എവിടേക്കാണ് കൊണ്ടുപോയതെന്നന്ന് ബന്ധുക്കളെയോ അഭിഭാഷകനെയോ അറിയിച്ചില്ല. നോട്ടീസ് പോലും നൽകാതെയാണ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റി എവിടെ എന്ന് അറിയില്ല. ബന്ധുക്കളെ പോലും അറിയിക്കാതെയാണ് കസ്റ്റഡി. ഉണ്ണികൃഷ്ണൻ പോറ്റിയ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുകയോ വിവരം നൽകുകയോ ചെയ്യണമെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, നിയമവിരുദ്ധമായി പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നും അഭിഭാഷകൻ ആരോപിച്ചു. നാളെ കോടതിയിൽ ഹാജരാക്കുമോയെന്ന് നോക്കുമെന്നും തുടര്‍ന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം, പരാതിയുമായി അഭിഭാഷകൻ രംഗത്തുവന്നതിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീട്ടിലേക്ക് ഫോണ്‍ വിളിക്കാൻ എസ്ഐടി അനുമതി നൽകി. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വീട്ടുകാരെ അറിയിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോറ്റി വീട്ടുകാരെ അറിയിച്ചു.ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്ത് നാളെ കോടതിയിൽ ഹാജരാക്കിയേക്കും. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നേരത്തെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പോറ്റിയെ കസ്റ്റഡിയിലെടുക്കുന്നത്. ഇന്നലെ മുതൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
അതേസമയം, മോഷ്ടിച്ച സ്വർണം പോറ്റി കൈമാറിയത് ബെംഗളൂരു സ്വദേശി കൽപേഷിനാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കൽപേഷിനെ കുറിച്ചുളള നിർണായക വിവരങ്ങളും എസ്ഐടിക്ക് ലഭിച്ചു കഴിഞ്ഞു. അതേസമയം, ശബരിമലയിലും എസ്ഐടിയുടെ പരിശോധന നടക്കുകയാണ്. എക്സിക്യൂട്ടീവ് ഓഫീസിലെ ഫയൽ പരിശോധിച്ചു വരികയാണ്. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തുദിവസത്തിനകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റി എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നതുൾപ്പെടെ ചോദ്യം ചെയ്യലിൽ പുറത്തുവരണം. തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ആണ് ചോദ്യം ചെയ്യലെന്നാണ് സൂചന.




