
കണ്ണൂർ മലപ്പട്ടത്ത് നടന്ന പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യത്തിൽ നിന്നും ധീരജ് വധത്തിലെ കെ എസ് യു – കോൺഗ്രസ് ഗൂഢാലോചന വീണ്ടും വെളിവായെന്നും കൊലവിളി മുദ്രാവാക്യത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും എസ് എഫ് ഐ. കൊലവിളി മുദ്രാവാക്യം ഉയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെയും ഏറ്റുവിളിച്ച പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് എസ് എഫ് ഐ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന ധീരജ് രാജേന്ദ്രനെ കോൺഗ്രസ് – കെ എസ് യു കാപാലികർ കൊലപ്പെടുത്തിയ സംഭവം ക്രൂരവും പൈശാചികവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായിരുന്നെന്ന് എസ് എഫ് ഐ സംസ്ഥാന നേതൃത്വം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ കൊലപാതകത്തിന് നേതൃത്വം നൽകിയ KSU – യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സംഘടനയിൽ സ്ഥാനക്കയറ്റം നൽകി കൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ചതിലൂടെ ധീരജ് വധത്തിലുള്ള ഉന്നത ഗൂഢാലോചന വെളിപ്പെട്ടതാണ്.
ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ഇനിയും ആവർത്തിക്കുമെന്ന പ്രഖ്യാപനമാണ് ” ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല ” എന്ന മുദ്രാവാക്യത്തിലൂടെ കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. ധീരജ് രാജേന്ദ്രന്റെ ജന്മനാട്ടിൽ നിന്ന് തന്നെ ഇത്തരം കൊലവിളി പ്രഖ്യാപനങ്ങൾ നടത്തുന്നതിലൂടെ നാടിന്റെ സമാധാനം തകർക്കുന്ന തരത്തിലുള്ള സംഘർഷാവസ്ഥ സൃഷ്ടിക്കുകയെന്ന അജണ്ട കൂടി കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും എസ് എഫ് ഐ സംസ്ഥാന നേതൃത്വം പറഞ്ഞു.