Kerala

സംസ്ഥാനത്ത് രൂക്ഷ ധനപ്രതിസന്ധി: സര്‍ക്കാരിനെതിരെ പ്രതിപക്ഷനേതാവിന്റെ കടുത്ത വിമര്‍ശനം

ജീവനക്കാര്‍ക്കും പെന്‍ഷന്‍ കാര്‍ക്കുമായി ഒരു ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാന്‍ ഉള്ളതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍.സര്‍ക്കാര്‍ വിലാസം സംഘടനകള്‍ ഇവിടെ കൈകൊട്ടി കളിയാണ്. സപ്ലൈകോയിലും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലും കുടിശിക നല്‍കാത്തതിനാല്‍ മരുന്നും ഭക്ഷ്യധാന്യങ്ങളും ലഭിക്കുന്നില്ല. നികുതി കുറഞ്ഞാല്‍ ആളുകളുടെ കയ്യില്‍ പണം ഉണ്ടാകും. എന്നാല്‍ ആ പണം ചെലവാക്കി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എന്താണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

രൂക്ഷമായ ധന പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. വാര്‍ഷിക പദ്ധതി ആറുമാസം പിന്നിട്ടിട്ടും 21 ശതമാനം മാത്രം. ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥ. ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണക്കാര്‍ക്ക് പണം നല്‍കിയില്ല. സെപ്റ്റംബര്‍ മുതല്‍ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതിയാണ്.

കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുണ്ട്. കുടിശ്ശിക തീര്‍ക്കാതെ പാര്‍ട്ടിക്കാര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കാനാണ് ഇപ്പോള്‍ നീക്കം. ജിഎസ്ടി വകുപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്. വരും ദിവസങ്ങളില്‍ ആക്കാര്യങ്ങള്‍ പറയാം. അടിയന്തര പ്രമേയ ചര്‍ച്ച ആയതിനാല്‍ ഞാന്‍ ഇപ്പോള്‍ ഉന്നയിക്കുന്നില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

സ്വര്‍ണ്ണത്തിന്റെ വില 16 മടങ്ങ് വര്‍ദ്ധിച്ചു. അങ്ങനെയെങ്കില്‍ അതിനുമേലുള്ള നികുതിയും 16 മടങ്ങ് കൂടണമായിരുന്നു. പക്ഷേ ഉണ്ടായില്ല. 10000 കോടി രൂപയുടെ എങ്കിലും അധിക നികുതി സ്വര്‍ണത്തില്‍ കിട്ടുമായിരുന്നു. നികുതി പിരിക്കുന്നതിന് ഒരു ശാസ്ത്രീയ സമീപനവും സര്‍ക്കാരിനില്ല. ധന വിനിയോഗത്തില്‍ ദയനീയമായി പരാജയപ്പെട്ടു. ചര്‍ച്ചവെച്ചതിനെ അഭിനന്ദിക്കുന്നു. സര്‍ക്കാര്‍ പ്രാധാന്യമായി ചര്‍ച്ച ചെയ്യേണ്ട വിഷയം ഇതുതന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button