‘കാരവനില്‍ ഒളികാമറവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തും ‘ : സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി രാധിക ശരത്കുമാര്‍

0

മലയാളം സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി തമിഴ് നടി രാധിക ശരത്കുമാര്‍. കാരവനില്‍ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്ന ദൃശ്യം പകര്‍ത്തുന്നുണ്ടെന്നാണ് രാധിക പറഞ്ഞത്. ഈ ദൃശ്യങ്ങള്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ആസ്വദിക്കുന്നത് താന്‍ കണ്ടെന്നും താരം വെളിപ്പെടുത്തി. ഇതിന്റെ പേരില്‍ കാരവന്‍ വേണ്ടെന്ന് പറഞ്ഞ് താന്‍ ഹോട്ടലില്‍ പോയി വസ്ത്രം മാറിയെന്നാണ് ടെലിവിഷന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.

ഒരിക്കല്‍ ഞാന്‍ സെറ്റിലൂടെ പോകുമ്പോള്‍ കുറേ പുരുഷന്മാര്‍ എന്തോ വിഡിയോ കണ്ട് ചിരിച്ച് രസിക്കുന്നതു കണ്ടു. അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കാരവനില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന വിവരം അറിഞ്ഞത്. ഈ ദൃശ്യങ്ങള്‍ ഓരോ നടിമാരുടേയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകളിലാണ് സൂക്ഷിക്കുന്നത്. നടിയുടെ പേര് അടിച്ചുകൊടുത്താന്‍ ദൃശ്യങ്ങള്‍ ലഭിക്കും. ഒരു വിധപ്പെട്ട എല്ലാ കാരവനിലും ഇത്തരത്തില്‍ കാമറയുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിക്കാതെ ഹോട്ടല്‍ മുറിയില്‍ പോയി വസ്ത്രം മാറി. ഇതിനെതിരെ രൂക്ഷമായി ഞാന്‍ പ്രതികരിച്ചു. ഇനി ഇങ്ങനെയുണ്ടായാല്‍ ചെരിപ്പൂരി അടിക്കുമെന്ന് പറഞ്ഞു. ഇതേക്കുറിച്ച് പല നടിമാര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും രാധിക പറഞ്ഞു.

തനിക്കും സിനിമയില്‍ നിന്ന് ഒരുപാട് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്നാണ് രാധിക പറയുന്നത്. നടിമാരുടെ കതകില്‍ മുട്ടുന്നത് താന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല തമിഴ് ഉള്‍പ്പടെയുള്ള സിനിമാ രംഗത്തെ അവസ്ഥയും ഇതു തന്നെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
46 വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. എന്നോട് പലരും മോശമായി പെരുമാറിയിട്ടുണ്ട്. സ്ത്രീകള്‍ ശക്തമായി നോ പറയേണ്ടതുണ്ട്. കതകില്‍ തട്ടുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നെ വളരെ ശക്തയായാണ് കാണുന്നത്. അതിനാല്‍ നിരവധി സ്ത്രീകളാണ് സഹായം ചോദിച്ച് എന്റെ റൂമില്‍ അഭയം തേടിയിട്ടുള്ളത്. കേരളത്തിലെ കാര്യം മാത്രമല്ല ഞാന്‍ പറയുന്നതെന്നും രാധിക പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here