എയർ ഇന്ത്യയിൽ ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണത്തിൽ ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ;മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാൻ നിർദേശം

0

എയർ ഇന്ത്യയുടെ വിമാനങ്ങളിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിൽ നിർണായക കണ്ടെത്തലുമായി വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയിലെ ക്രൂ റോസ്റ്ററിൻറെ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാനും നിർദേശം നൽകി. ലൈസൻസ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളിൽ വലിയ വീഴ്ച വരുത്തിയതിനാണ് നടപടി. പത്ത് ദിവസത്തിനകം നടപടിയിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യം.

ജീവനക്കാർക്ക് മതിയായ വിശ്രമം നൽകുന്നില്ലെന്ന് ഡിജിസിഎ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇക്കഴിഞ്ഞ മെയ് 16,17 തീയതികളിലായി ബാംഗളൂരിൽ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തുന്ന വിമാനത്തിലെ പൈലറ്റുമാരെ പത്ത് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിച്ചതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജർക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ഡിജിസിഎ അറിയിപ്പ്. വീഴ്ചകൾ ആവർത്തിച്ചാൽ ഓപ്പറേറ്റർ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടിയിലേക്ക് കടക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.

അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ഒമ്പതാം ദിനത്തിലും മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാനായില്ല. ഇതുവരെ 231 പേരുടെ മൃതദേഹങ്ങളാണ് ഡിഎൻഎ പരിശോധന നടത്തി തിരിച്ചറിഞ്ഞത്. മലയാളിയായ രഞ്ജിത അടക്കമുള്ളവരുടെ ഡിഎൻഎ സാമ്പിളുകൾ ചേർന്നില്ല. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ അവസ്ഥയിലായതിനാൽ ഡിഎൻഎ സാമ്പിളുകൾ വേർതിരിച്ചെടുക്കുന്നതിലടക്കം ബുദ്ധിമുട്ടുണ്ട്. രക്ഷിതാക്കളുടെ അടക്കം സാമ്പിളുകൾ കൂടി ശേഖരിച്ച് പരിശോധന നടത്താനാവും ഇനി നീക്കം. അപകടത്തിന് പിന്നാലെ എയർ ഇന്ത്യാ വിമാനങ്ങളിൽ ബുക്കിംഗ് കുറഞ്ഞു. 20 ശതമാനം ഇടിവാണ് ഉണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര വിദേശ സർവീസുകളിൽ ഒരുപോലെ ഇടിവുണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here