ദോഹയിൽ ഉഗ്രസ്ഫോടനങ്ങൾ, ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ഇസ്രായേൽ നടത്തിയ ആക്രമണമെന്ന് റിപ്പോർട്ട്

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ നിരവധി സ്ഫോടനങ്ങൾ നടക്കുകയും കറുത്ത പുക ഉയരുകയകും ചെയ്തതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഖത്തറിലുള്ള ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ വെടിനിർത്തൽ ചർച്ചയ്ക്ക് നേതൃത്വം നൽകുന്ന ഹമാസ് നേതാക്കളെ ലക്ഷ്യം വച്ചാണ് ആക്രമണം എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങളും.
ഗാസയിൽ താമസിക്കുന്ന ഹമാസ് നേതാവും വെടിനിർത്തൽ ഉൾപ്പടെയുള്ള ചർച്ചകളിലെ പ്രധാനിയുമായ ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള ഉന്നത ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹമാസിനും ഇസ്രായേലിനുമിടയിൽ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഖത്തർ, ദോഹയിൽ നടത്തിയ ഇസ്രായേലി ആക്രമണത്തെ “ഭീരുത്വപൂർണ്ണമായ” നടപടിയാണെന്ന് ഖത്തർ വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഈ ആക്രമണത്തെ ഖത്തർ വിശേഷിപ്പിച്ചു.



