
സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചു. ഒരാഴ്ചയായി ചികിത്സയിലിരുന്ന തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബർ 24നു രാത്രി എംസി റോഡിൽ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം.
കോട്ടയം ഭാഗത്തു നിന്നെത്തിയ സിദ്ധാർഥ് ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം ലോട്ടറി വിൽപനക്കാരനായ തങ്കരാജിനെ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു സീരിയൽ നടൻ. സിദ്ധാർഥ് പ്രഭുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തങ്കരാജ് മരിച്ച സാഹചര്യത്തിൽ സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.
വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായതിനെ തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത പൊലീസ് സിദ്ധാർഥിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അപകടത്തിന് ശേഷം നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട നടന്‍ റോഡില്‍ കിടന്നത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചിങ്ങവനം പൊലീസ് ആണ് കേസെടുത്തത്.




