രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം : പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയ്ൻ ഉണ്ട് : സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്യത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയ്ൻ ഉണ്ടെന്നാണ് താൻ നേരത്തെ പറഞ്ഞത്. ആ പരാതി തനിക്ക് കിട്ടിയ സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയിരുന്നു. ആര്‍ക്കാണ് അയക്കേണ്ടതെന്ന് പരാതിക്കാരിക്ക് നന്നായിട്ട് അറിയാം. എന്നാൽ, തനിക്കാണ് പരാതി അയച്ചത്. പരാതി ആസൂത്രിതമായിട്ടുള്ള വെൽ ഡ്രാഫ്റ്റഡ് പെറ്റീഷൻ എന്നാണ് താൻ പറഞ്ഞതെന്നും അത് രാഷ്ട്രീയ പ്രേരിതമാണെന്ന തരത്തിൽ വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിലെ ഇരിട്ടിയിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സംശയം ഉന്നയിച്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രതികരണത്തിൽ ഉള്‍പ്പെടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും ഇതിലും വലിയ പരാതികള്‍ ഇനിയും പുറത്തുവരാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ലൈംഗിക വൈകൃത കുറ്റവാളികളെ വെൽ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ അത് പൊതുജനം തള്ളിക്കളയുമെന്നും പരാതികളിൽ ഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാൽ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളതെന്നും പിണറായി വിജയൻ തുറന്നടിച്ചു.
കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടുള്ള പിണറായി വിജയന്‍റെ ആരോപണത്തിൽ മറുപടിയുമായി രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളും രംഗത്തെത്തി. സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് മുഖ്യമന്ത്രി വീമ്പുപറയുന്നതെന്നും സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെയെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. കോണ്‍ഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ മറുപടി അന്തസില്ലാത്തതാണെന്ന് എപി അനിൽകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് യോജിച്ച പരാമര്‍ശമല്ല. മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണം. മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയെപ്പോലെ സംസാരിക്കരുതെന്നും എപി അനിൽകുമാര്‍ പറഞ്ഞു.




