KeralaNewsPolitics

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; എസ്ഡിപിഐ മത്സരിക്കും, അഡ്വ. സാദിഖ് നടുത്തൊടി സ്ഥാനാർത്ഥി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. എസ്‍ഡിപിഐ മലപ്പുറം ഉപാധ്യക്ഷൻ അഡ്വ. സാദിഖ് നടുത്തൊടിയായിരിക്കും മത്സരിക്കുകയെന്ന് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. എല്ലാ ബൂത്തിലും പ്രവര്‍ത്തകരുണ്ട്.കേരളത്തിലെ മൂന്ന് മുന്നണികളോടും പ്രത്യേക മമതയോ വിദ്വേഷവുമില്ല. പി വി അൻവർ ബന്ധപ്പെട്ടിട്ടില്ല. ഒരു മുന്നണിയുമായും തെരഞ്ഞെടുപ്പ് ചർച്ചകൾ നടന്നിട്ടില്ല. മത്സരിക്കുന്നത് ആരെയും സഹായിക്കാനല്ലെന്നും നാളെ മുതൽ സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണം ആരംഭിക്കുമെന്നും സിപിഎ ലത്തീഫ് പറഞ്ഞു.

മണ്ഡലത്തിൽ ബൂത്ത് തലത്തിൽ അടിത്തറയുണ്ടെന്നും മത്സരിക്കുന്നത് ജയിക്കാൻ മാത്രമാണെന്നും എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വക്കേറ്റ് സാദിഖ് നടുത്തൊടി പറഞ്ഞു. മുൻപും പല മണ്ഡലങ്ങളിലും എസ്ഡിപിഐ മത്സരിച്ചിട്ടുണ്ട്. പാലക്കാട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. പാലക്കാട് വിജയിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിൽ ആണെന്ന് തീരുമാനമുണ്ടായിരുന്നു. അതുകൊണ്ടാണ് പിന്തുണച്ചത്. എസ്ഡിപിഐ നിലമ്പൂരിൽ കാലങ്ങളായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്. വലിയ ഭൂരിപക്ഷത്തിൽ വിജയം നേടുമെന്നും സാദിഖ് നടുത്തൊടി പറഞ്ഞു.

നിലമ്പുരിൽ പി വി അൻവർ ഒരു സ്വാധീന ഘടകമേയല്ലെന്നാണ് എസ് ഡി പി ഐ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഉസ്മാൻ കരുളായി കഴിഞ്ഞ ദിവസം പറഞ്ഞത്. എം എൽ എ ആയിരുന്ന സമയത്ത് അൻവറിനൊപ്പം ആളുണ്ടായിരുന്നു. ഇപ്പോൾ ഒരു കൺവെൻഷൻ വിളിച്ചു കൂട്ടാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അൻവർ. എൽ ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിനു പിന്നിൽ അപകടമുണ്ട്. പാലക്കാട്‌ സംഭവിച്ചതുപോലെയുള്ള കാര്യങ്ങൾ ആവർത്തിക്കാമെന്നും ഉസ്മാൻ കരുളായി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button