KeralaNews

തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി സ്വര്‍ണം തട്ടി എടുക്കാൻ ശ്രമിച്ച കേസ് ; പ്രധാന പ്രതി പിടിയിൽ

തിരുവനന്തപുരം: സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി സ്വര്‍ണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നേമം സ്വദേശി ശ്രീജിത്ത് (29) ആണ് പിടിയിലായത്. കരമന സ്റ്റേഷന്‍ എസ്‌എച്ച്ഒ അനൂപിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് പ്രതിയെ വഞ്ചിയൂരിലെ ഒരു വീട്ടില്‍ നിന്ന് പിടികൂടിയത്.

ഈ മാസം 12നാണ് കൈമനത്ത് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പ്രധാന പ്രതിയായ ശ്രീജിത്ത് ഒളിവില്‍ പോയിരുന്നു. സഹോദരന്റെ സഹായത്തോടെയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ശ്രീജിത്തിന്റെ സഹോദരന്‍ സുജിത്ത് സിആര്‍പിഎഫില്‍ ജോലി ചെയ്യുന്നതായും, ഇയാള്‍ ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയതായും പോലീസ് സംശയിക്കുന്നു. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ കരമന എസ്‌എച്ച്ഒ അനൂപ് ഉള്‍പ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ പിടിയിലായ മൂന്ന് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.പ്രതികളെ കണ്ടെത്തുന്നതില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് കരമന എസ്‌എച്ച്ഒ അനൂപ്. പ്രതികള്‍ എവിടെ ഒളിച്ചാലും കണ്ടെത്തുന്ന കഴിവുകൊണ്ടാണ് അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ‘പരുന്ത്’ എന്ന പേരില്‍ വിളിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button