
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളുമായി സർക്കാർ വെള്ളിയാഴ്ച ചർച്ച നടത്തും. വൈകീട്ട് നാലരയ്ക്കു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ചേംബറിൽ വച്ചാണ് ചർച്ച. മദ്രസാ വിദ്യാഭ്യാസ ബോർഡ് അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുക്കുക. ബുധനാഴ്ച നടത്താനിരുന്ന ചർച്ചയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
സമസ്ത ഏകോപന സമിതിയിൽ ഉയർന്ന നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിക്കു സമർപ്പിക്കും. സമസ്തയടക്കം വിവിധ സംഘടനകൾ സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിർത്തിരുന്നു. സമര പ്രഖ്യാപനമടക്കം ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്ക്കു തയ്യാറായത്.
ഭൂരിപക്ഷം രക്ഷിതാക്കളും സ്കൂൾ സമയ മാറ്റത്തെ അംഗീകരിക്കുന്നു എന്ന പഠന റിപ്പോർട്ടിലെ എതിർപ്പായിരിക്കും സമസ്ത ഉന്നയിക്കുക എന്നാണ് സൂചന. സർവേ നടത്തിയാണ് ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കേണ്ടത് എന്നും ആറ് ജില്ലകളിൽ മാത്രം നടത്തിയ സർവേ പര്യാപ്തമല്ലെന്നും സമസ്ത പറയുന്നു.
സ്കൂൾ സമയം മാറുന്നത് മദ്രസാ വിദ്യാഭ്യാസത്തിനു നടതസമാകുമെന്നാണ് സമസ്തയുടെ പ്രധാന ആരോപണം. എന്നാൽ സർക്കാർ സമയ മാറ്റ തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്ന ശക്തമായ നിലാപടിൽ തന്നെയാണ്. തീരുമാനം മാറില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. മത സാമുദായിക സംഘടനകൾക്കു അടിമപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുമായി സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ സ്കൂൾ സമയമാറ്റം വിഷയമായെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.