ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ്, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിമര്‍ശനം.
വൈന്‍ ഷോപ്പ് ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ്, ഇഡി പണം തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാരും ടാസ്മാകും കോടതിയുടെ സമീപിക്കുകയായിരുന്നു.
ഇഡി എല്ലാ പരിധിയും ലംഘിക്കുകയാണെന്ന്, കേന്ദ്ര ഏജന്‍സിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് കോടതി പറഞ്ഞു. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ടാസ്മാകില്‍ ഇഡിക്ക് എങ്ങനെ റെയ്ഡ് നടത്താനാവുമെന്ന് കോടതി ചോദിച്ചു.
ആയിരം കോടിയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് ഇഡിക്കു വേണ്ടി ഹാജരായ എസ് വി രാജു പറഞ്ഞു. ഇത്തവണയെങ്കിലും ഇഡി പരിധികള്‍ ലംഘിച്ചിട്ടില്ലെന്ന് രാജു കോടതിയെ അറിയിച്ചു.
2014 മുതല്‍ മദ്യ ഷോപ്പിന് ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനം 40ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തമിഴ്‌നാടിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ഇപ്പോള്‍ ഇഡി രംഗത്തുവന്ന് ടാസ്മാകില്‍ റെയ്ഡ് നടത്തുകയാണെന്ന് കപില്‍ സിബല്‍ അറിയിച്ചു. ഇഡി റെയ്ഡിനെ ചോദ്യം ചെയ്ത് നേരത്തെ തമിഴ്‌നാട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്.