Kerala

സതീശന് നുണരോഗം ബാധിച്ചു : എം വി ഗോവിന്ദന്‍

മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പച്ചക്കള്ളം ആവര്‍ത്തിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സതീശന് നുണരോഗം ബാധിച്ചു. സര്‍ക്കാര്‍ ഭൂമി അനുവദിക്കാത്തതുകൊണ്ടാണ് വീട് നിര്‍മാണം വൈകിയതെന്നത് കല്ലുവച്ച നുണയാണ്. 2024 ഡിസംബര്‍ 30ന് ചേര്‍ന്ന പ്രതിപക്ഷ നേതാവും ഉപനേതാവും പങ്കെടുത്ത യോഗത്തില്‍ സ്പോണ്‍സര്‍മാര്‍ക്ക് വീട് നിര്‍മിക്കാന്‍ ഭൂമി അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ 44 കോടി രൂപ നല്‍കിയാണ് ഭൂമി ഏറ്റെടുത്ത്. ഇത് മറച്ചുവച്ചാണ് കള്ളംപറയുന്നത് – എം വി ഗോവിന്ദന്‍ പറഞ്ഞു

കോണ്‍ഗ്രസ് നൂറും രാഹുല്‍ഗാന്ധി നൂറും യൂത്ത് കോണ്‍ഗ്രസ് മുപ്പതും വീട് നിര്‍മിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞുവെന്നും ഇപ്പോഴത് നൂറായി ചുരുങ്ങിയെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. എത്ര കോടി രൂപയാണ് പിരിച്ചതെന്നതില്‍ വ്യക്തതയില്ല. തറക്കല്ലുപോലും ഇടാത്ത വീടിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പറയുന്നത്.കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ 10 കോടി രൂപ കോണ്‍ഗ്രസിന്റേതാണു പോലും. അത് സര്‍ക്കാരിന്റെ സഹായമാണ്. ദുരന്തസമയത്ത് സര്‍ക്കാരുകള്‍ പരസ്പരം സഹായിക്കാറുണ്ട്. ഒഡിഷക്ക് 10 കോടി, ഹിമാചല്‍ പ്രദേശിന് ഏഴ്കോടി, തമിഴ്നാടിന് 18 കോടി രൂപ എന്നിങ്ങനെയാണ് കേരളം നല്‍കിയത്. ആന്ധ്ര 10 കോടിയും തമിഴ്നാട് അഞ്ചുകോടി രൂപയും നമുക്ക് നല്‍കി. അത് എങ്ങനെയാണ് രാഷ്ട്രീയ പാര്‍ടിയുടെ പണമാവുക? – എം വി ഗോവിന്ദന്‍ ചോദിച്ചു.

കോണ്‍ഗ്രസിന്റെ എംഎല്‍എമാരിലും എംപിമാരിലും മൂന്നുപേരാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശമ്പളം നല്‍കിയപ്പോള്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അതിനെതിരെ രംഗത്തെത്തി. അന്നത്തെ വയനാട് എംപി ചില്ലിക്കാശ് കൊടുത്തിട്ടില്ല. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവരാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍.കെപിസിസിയുടെ ആപ് പോലെയല്ല സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്. ഓരോ രൂപയ്ക്കും രേഖയുണ്ട്.വീട് ആവശ്യമില്ലാത്ത 104 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നല്‍കി. ദുരിതബാധിതരുടെ ജീവിത ചെലവിനും വീട് വാടകയ്ക്കും തുക നല്‍കുന്നു. മാസം 9000 രൂപ ദുരിതബാധിതര്‍ക്ക് ലഭിക്കുന്നു. 686 കുടുംബങ്ങളിലെ 1185 പേര്‍ക്ക് ഇപ്പോഴും സഹായമുണ്ട്. കുടുംബശ്രീവഴി ഉപജീവന പദ്ധതി തയ്യാറാക്കി. ദുരിതബാധിതരുടെ കടബാധ്യത കേരള ബാങ്ക് എഴുതിത്തള്ളി. മറ്റു കടബാധ്യത തീര്‍ക്കാന്‍ 18.75 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button