സമീര്‍ വാങ്കഡേ ലോക്‌സഭയിലേക്ക് മത്സരിക്കും; ആര്യന്‍ ഖാനെ അകത്താക്കിയ ഉദ്യോഗസ്ഥന്‍ നേരിടുന്നത് 25 കോടിയുടെ കള്ളപ്പണക്കേസ്

0

മുംബൈ: മഹാരാഷ്ട്രയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വിവാദ ഉദ്യോഗസ്ഥരും രംഗത്ത്. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യറോ മുന്‍ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ (sameer wankhede) ഉള്‍പ്പെടെ നാല് ഉന്നതോദ്യോഗസ്ഥര്‍ മത്സരരംഗത്തേക്ക് തയ്യാറെടുക്കുകയാണ്.

കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ടിക്കറ്റിലാവും സമീര്‍ വാങ്കഡെ മത്സരിക്കുക. വിദര്‍ഭയിലെ വാഷിം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനാണ് നീക്കം. ഭാര്യയും മറാത്തി നടിയുമായ ക്രാന്തി റെഡ്കറും വാങ്കഡെയും ജില്ലയിലെ വിവിധ സാമൂഹിക പരിപാടികളില്‍ സജീവമാണ്.

നടന്‍ ഷാരൂഖ്ഖാന്റെ മകന്‍ ആര്യന്‍ഖാനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അന്വേഷണോദ്യോഗസ്ഥനായിരുന്നു ഐ.ആര്‍.എസ്. ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെ.
2021ലെ കോര്‍ഡെലിയ ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് വേട്ട കേസില്‍ നടന്‍ ഷാരൂഖ് ഖാനില്‍ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കോടതിയിലാണ്.

sameer wankhede

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്തിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ പര്‍ദേശി, മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രാധേശ്യാം മോപാല്‍വാര്‍, ഐ.ആര്‍.എസ്. ഉദ്യോഗസ്ഥന്‍ ഉജ്ജ്വല്‍ ചവാന്‍ എന്നിവരും മത്സരിച്ചേക്കും. ബി.ജെ.പി. ടിക്കറ്റില്‍ മത്സരിക്കാനാണ് മൂന്നുപേരുടെയും നീക്കം.

പ്രവീണ്‍ പര്‍ദേശി മധ്യ മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് മണ്ഡലത്തില്‍നിന്ന് മത്സരിക്കാനാണ് നീക്കം. ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേന ഈ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും, ബി.ജെ.പി.യും ഈ സീറ്റ് ലക്ഷ്യമിട്ടിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ സെക്രട്ടറി, മുംബൈ, പുണെ മുനിസിപ്പല്‍ കമ്മിഷണര്‍, ലാത്തൂര്‍ ജില്ലാ കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993-ലെ ഭൂകമ്പ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനത്തിന് പ്രശംസ നേടിയിരുന്നു.

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡിവലപ്മെന്റ് കോര്‍പ്പറേഷന്റെ (എം.എസ്.ആര്‍.ഡി.സി.) തലവനായിരുന്ന രാധേശ്യാം മോപാല്‍വാര്‍ അടുത്തിടെയാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. മറാത്താവാഡയിലെ ഹിംഗോളി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനാണ് നീക്കം. ജല്‍ഗാവ് ജില്ലയിലെ ധമന്‍ഗാവ് സ്വദേശിയായ ഐ.ആര്‍.എസ്. ഉദ്യോഗസ്ഥന്‍ ഉജ്ജ്വല്‍ ചവാന്‍ ബി.ജെ.പി. ടിക്കറ്റാണ് ലക്ഷ്യമിടുന്നത്. ബി.ജെ.പി. നല്‍കിയ ഉറപ്പിനുശേഷമാണ് അദ്ദേഹം സര്‍വീസില്‍നിന്ന് രാജിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here