Kerala

ശബരിമല യുവതീപ്രവേശനം ; ഗുരുതരസ്വഭാവമുളള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്, കേസുകൾ പിൻവലിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ വിവിധ സംഭവങ്ങളില്‍ 2,634 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരസ്വഭാവമുളള വകുപ്പുകള്‍ ഉള്‍പ്പെടുന്നതിനാല്‍ ചില കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ എത്രയും വേഗം പിന്‍വലിക്കുന്നതിനുളള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസുകള്‍ പിന്‍വലിക്കുന്നതിന് ഓരോ കേസും പരിഗണിക്കുന്ന കോടതിയുടെ മുമ്പാകെ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസുകളുടെ സ്വഭാവം കണക്കിലെടുത്ത് പൊലീസ് തുടര്‍നടപടികള്‍ ഒഴിവാക്കിയതും പിന്‍വലിക്കാനുളള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതുമായ കേസുകളുടെ എണ്ണം 1047 ആണ്. 86 കേസുകള്‍ കോടതി മറ്റുതരത്തില്‍ തീര്‍പ്പാക്കി. 278 കേസുകള്‍ വെറുതെ വിട്ടു. 726 കേസുകളില്‍ ശിക്ഷിച്ചു. 692 കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ 2023 ഓഗസ്റ്റ് 21ന് യോഗം ചേര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button