ശബരിമല തീര്‍ഥാടനം ; ദേവസ്വം മന്ത്രിക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ഇളവ് നല്‍കണം : ഹൈകോടതി

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രിക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ഇളവ് നല്‍കണമെന്ന് ഹൈകോടതി. തീര്‍ഥാടനം സുഗമമാക്കാന്‍ ഏകോപനം അടിയന്തിരമായി വേണമെന്നും കോടതി നിരീക്ഷിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ രീതി വേണമെന്നും ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കോടതി വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയെന്നും കോടതി വിമര്‍ശിച്ചു.
ഇത്തവണ മുന്‍ ഒരുക്കങ്ങളില്‍ വലിയ വീഴ്ച്ച സംഭവിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. തിരക്ക് ഉണ്ടാകുമ്പോള്‍ മാത്രം പരിഹരിക്കുന്ന താല്‍കാലിക രീതി അല്ല വേണ്ടതെന്നും ഭാവി മുന്നില്‍ കണ്ടുള്ളു ശാസ്ത്രീയ രീതി വേണമെന്നും കോടതി വ്യക്തമാക്കി. അടുത്ത മണ്ഡല മകര വിളക്ക് സീസണില്‍ സര്‍ക്കാര്‍ മേഖലയിലെ വിദഗ്ധരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടണം. ഭക്തരുടെ സുരക്ഷയും,ക്ഷേമവുമാണ് ആദ്യ പരിഗണന. വെള്ളവും,ഭക്ഷ്യ വസ്തുക്കളും,ആരോഗ്യ സംവിധാനങ്ങളും, വരിയില്‍ നില്കുന്നവര്‍ക്ക് ഉറപ്പാക്കണം.
ശബരിമലയുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്നും കോടതി വ്യക്തമാക്കി. വിദഗ്ധ സമിതി വിവര ശേഖരണം നടത്തി വിവിധ സോണുകളായി തിരിച്ച് ഉള്‍ക്കൊള്ളാനാവുന്ന ഭക്തരുടെ എണ്ണം കണക്കാക്കണം. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍,പോലീസ്, വനം, ആരോഗ്യം, ജില്ല ഭരണകൂടം, എന്നിവര്‍ സമിതിയിലുണ്ടാകണം. കമ്മിറ്റി ശാസ്ത്രീയമായ മാസ്റ്റര്‍ പ്ലാന്‍ തെയ്യാറാക്കണം. ശബരിമല സീസണ്‍ മുന്‍പും ശേഷവും യോഗം ചേരണം. ഭക്തരുടെ എണ്ണം ഒരു ലക്ഷം കടന്നാല്‍ റെഡ് സോണായl കണക്കാക്കി ദേവസ്വം ബോര്‍ഡ് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സന്നിധാനത്ത് ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 200 ആക്കി ഉയര്‍ത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിലവില്‍ ഇത് 104 ആണ്. കൂടുതല്‍ ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കണം. ഓരോ ടോയ്ലറ്റ് യൂണിറ്റിലും മേല്‍നോട്ടത്തിനായി ഒരു ജീവനക്കാരനെ നിര്‍ബന്ധമായും നിയോഗിക്കണം. ശുചിമുറികളില്‍ വൃത്തി ഉറപ്പാക്കണം. പമ്പ, സന്നിധാനം, ശരണപാത എന്നിവിടങ്ങളില്‍ കുടിവെള്ളം തടസമില്ലാതെ ലഭ്യമാക്കണം. ഭാഷാ പ്രശ്‌നം പരിഹരിക്കാന്‍ ‘ഹെല്‍പ്പ് ഡെസ്‌കുകള്‍’ സ്ഥാപിക്കണം. പരാതി അറിയിക്കാന്‍ വെബ് പോര്‍ട്ടല്‍ തയ്യാറാക്കണം – തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു.


