കട്ടിളപ്പാളി സ്വർണ്ണ മോഷണ കേസ്: സ്വർണം പൊതിഞ്ഞത് അറിയാമെന്ന് പോറ്റി സമ്മതിച്ചു; ചെന്നൈയിൽ വേർതിരിച്ചതായി റിമാൻഡ് റിപ്പോർട്ട്

ശബരിമല കട്ടിളപ്പാളി കേസില്‍ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നാണ് എസ്ഐടി സംഘം കോടതിയെ അറിയിച്ചത്. കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു. പാളികൾ ചെന്നൈയിലെത്തിച്ച് സ്വർണം വേർതിരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയാണെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസില്‍ ഇന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗൂഢാലോചന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. പത്താം തീയതി വൈകുന്നേരം അഞ്ചുവരെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി സംഘം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരം കൊണ്ടുപോയി.




