ശബരിമല സ്വർണ്ണക്കൊള്ള; വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം. കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന നടത്തും. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽനിന്ന് പിടിച്ചെടുത്ത നാനൂറ് ഗ്രാമിലേറെ വരുന്ന സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെഗളൂരുവിലെ ഫ്‌ലാറ്റിലെ സ്വർണവും പരിശോധിക്കും. 176 ഗ്രാമിന്റെ 9 ആഭരണങ്ങളാണ് ഫ്‌ലാറ്റിൽനിന്ന് കണ്ടെടുത്തത്. പോറ്റിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത സ്വർണനാണയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.
പോറ്റി സ്മാർട്ട് ക്രിയേഷൻസുമായി നടത്തിയ ഇടപാടുകൾ എസ്‌ഐആടി അന്വേഷിക്കും. പോറ്റിയുമായി സ്മാർട്ട് ക്രിയേഷൻസ് സ്വർണ ഇടപാടുകൾ നടത്തിയതായാണ് രേഖകൾ പറയുന്നത്. സ്‌പോൺസർഷിപ്പ് രേഖകളും കണ്ടെടുത്തവയിൽ ഉൾപ്പെടും. സ്‌പോൺസർഷിപ്പിന്റെ ഉറവിടവും പരിശോധിക്കും.
ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഉണ്ണികൃഷണൻ പോറ്റിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചിരുന്നു. പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എസ്‌ഐടി പരിശോധിച്ചിരുന്നു. കണ്ടെടുത്ത ഭൂമിയിടപാട് രേഖകൾ വിശദമായി പരിശോധിക്കാനാണ് എസ്ഐടിയുടെ നീക്കം. കേരളത്തിൽ മാത്രമല്ല, ബെംഗളൂരുവിലും ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയെന്ന് എസ്‌ഐടിയുടെ കണ്ടെത്തിയിരുന്നു.


