ശബരിമലയിൽ നടന്നത് വൻ സ്വർണക്കൊള്ള: ഏഴ് പാളികളിലെ സ്വർണം കവർന്നതായി എസ്ഐടി റിപ്പോർട്ട്; അന്വേഷണം കൂടുതൽ വ്യാപിക്കുന്നു

കൊച്ചി: ശബരിമലയിൽ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു. നടന്നത് വൻ കൊള്ളയാണെന്നാണ് എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു. ഏഴു പാളികളിലെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും തട്ടിയെടുത്തു. എസ്ഐടി കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപത്തിലെയും വ്യാളീരൂപത്തിലെയും പൊതിഞ്ഞ സ്വര്‍ണം കടത്തികൊണ്ടുപോയി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനിൽ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നു.
പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കള്‍ കൂടുതൽ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്നും അധിക സ്വര്‍ണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. പണിക്കൂലിയായി എടുത്ത സ്വർണം കേസിലെ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എസ് ഐ ടിക്ക് മുന്നിൽ ഹാജരാക്കി.109. 243 ഗ്രാം സ്വർണമാണ് എസ്ഐടിക്ക് കൈമാറിയത്.
ഇതിനിടെ, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടതിൽ ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സോണിയയെ ദില്ലിയിലെത്തി കണ്ടതിനെക്കുറിച്ച് ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഈ വിവരങ്ങളും അന്വേഷണ സംഘം തിങ്കളാഴ്ച ഹൈക്കോടതിക്ക് കൈമാറും. കൊള്ളയടിച്ച സ്വര്‍ണം എന്തുചെയ്തെന്നും ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവര്‍ധനും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. പൂജ നടത്തിയ സ്ഥലങ്ങള്‍, കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനങ്ങള്‍ എന്നിവയെക്കുറിച്ചും മൊഴി കൊടുത്തു. ഇതിനിടെ, സ്വര്‍ണക്കൊള്ള കേസിൽ അടുത്തയാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുമെങ്കിലും എന്ന് വിളിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.
അതേസമയം, സ്വര്‍ണക്കൊള്ളയിൽ പ്രതിക്കൂട്ടിലായ സിപിഎം, കോണ്‍ഗ്രസ് നേതാക്കളെ കേസിൽപെടുത്താൻ പ്രത്യേക അന്വേഷണ സംഘത്തിൽ ഇടപെടുന്നുവെന്ന ആരോപണം പ്രതിപക്ഷം കടുപ്പിക്കുകയാണ്. എന്നാൽ, സോണിയയെ കാണാൻ പോറ്റിക്ക് അവസരമൊരുക്കിയത് ആരെന്ന ചോദ്യം കോണ്‍ഗ്രസിനോട് ആവര്‍ത്തിക്കുകയാണ് സിപിഎം. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള എസ്ഐടി നീക്കവും സിപിഎം കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയാണ്. സിപിഎം പക്ഷ പാതികളായ ഉദ്യോഗസ്ഥരുണ്ടെന്ന പറഞ്ഞ് എസ്ഐടിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. എന്നാൽ, അന്വേഷണം തങ്ങളിലേയ്ക്ക് എത്തുമ്പോള്‍ എസ്ഐടിയോടുള്ള വിശ്വാസം നഷ്ടമാകുന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാട് അവസരവാദപരമെന്ന് വിമര്‍ശനം ഉന്നയിക്കുകയാണ് സിപിഎം.




