
ശബരിമലയിലെ ദ്വാരപാലകശില്പ പാളികളും കട്ടിളപ്പടിയിലെ സ്വർണപ്പാളിയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണസംഘം. സ്വർണം പൂശി തിരികെയെത്തിച്ച പാളികൾ യഥാർഥമെന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ശാസ്ത്രീയ പരിശോധന. പത്തുദിവസത്തിനകം ശാസ്ത്രീയ പരിശോധന പൂർത്തിയാക്കാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നടപടി. അതേസമയം, സ്വർണ മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം. കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു , മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിൻ്റെ കസ്റ്റഡിയിലുള്ളത്.
ഇവരെ വെവ്വേറെ ഇരുത്തിയും ഒരുമിച്ചിരുത്തിയും ഉള്ള ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്. മുരാരി ബാബുവിൻ്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ചയും സുധീഷ് കുമാറിൻ്റെ കസ്റ്റഡി കാലാവധി ബുധനാഴ്ചയും അവസാനിക്കും. ഇതിനു മുന്നോടിയായി പ്രതികളെ ശബരിമലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ആലോചന.




