Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ മാറ്റി, ജനുവരി 16ന് പരിഗണിക്കും

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം അംഗം ശങ്കരദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്ചയിലേക്ക് മാറ്റി. ശങ്കരദാസിന്‍റെ ചികിത്സാ രേഖകള്‍ അന്വേഷണ സംഘം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകാത്തതിനെ തുടർന്നാണ് മാറ്റിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് ശങ്കരദാസ് മുൻകൂർ ജാമ്യം തേടുന്നത്. ആശുപത്രി രേഖകള്‍ സമര്‍പ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. അതേസമയം, ശബരിമല സ്വർണകൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ രണ്ട് ജാമ്യാപേക്ഷയും കോടതി തള്ളി. ദ്വാരപാലക ശിൽപ്പ കേസിലും കട്ടിളപാളി കേസിലുമാണ് ജാമ്യാപേക്ഷ നൽകിയത്. രണ്ടരമാസമായി ജയിലാണെന്നും ജാമ്യം നൽകണമെന്നും പോറ്റിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, തെളിവുകളും തൊണ്ടിമുതലുകളും ഇപ്പോഴും ശേഖരിച്ചുവരുന്നതേയുള്ളൂവെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ജാമ്യ ഹർജികള്‍ തള്ളിയത്.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ 11ാം പ്രതിയായ ശങ്കരദാസിന്‍റെ അറസ്റ്റ് വൈകുന്നതിൽ എസ്ഐടിയെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതി ചേർത്ത അന്നുമുതൽ ഒരാൾ ആശുപത്രിയിൽ കിടക്കുകയാണെന്നും എന്ത് അസംബന്ധമാണ് നടക്കുന്നതെന്നുമായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീൻ ചോദിച്ചത്. അയാളുടെ മകൻ എസ്.പിയാണ് അതാണ് ആശുപത്രിയിൽ പോയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍റെ നടപടികളോട് വിയോജിപ്പുണ്ടെന്നും കോടതി വിമര്‍ശിച്ചിരുന്നു. പ്രതികളായ എ പത്മകുമാർ, ഗോവർദ്ധൻ, മുരാരി ബാബു അടക്കമുള്ള പ്രതികളുടെ ജാമ്യ ഹർജി പരിഗണിച്ചപ്പോഴാണ് വിമർശനം.

നേരത്തെ മുൻകൂര്‍ ജാമ്യാപേക്ഷയുമായി ശങ്കരദാസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ബന്ധപ്പെട്ട കോടതിയിൽ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശിച്ചത്. സ്വര്‍ണക്കൊള്ളയിൽ ശങ്കരദാസിന് ഉത്തരവാദിത്തമുണ്ടെന്ന പരാമര്‍ശവും സുപ്രീം കോടതി നടത്തിയിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ച് കൊല്ലം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button