ശബരിമല സ്വര്‍ണ്ണക്കൊള്ള; ദേവസ്വം മന്ത്രി രാജി വച്ചാല്‍ പ്രശ്‌നം തീരുമെന്ന് കെ ബാബു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭയില്‍ നിസ്സഹകരണം തുടരുമെന്ന് പ്രതിപക്ഷത്തിനായി സംസാരിച്ചു തുടങ്ങിയ കെ ബാബു പറഞ്ഞു. തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തെന്ന് മന്ത്രിമാര്‍ പറയുന്നു. പ്രതിപക്ഷം സ്വന്തമായി ഒരു ആക്ഷേപവും പറഞ്ഞില്ല. കോടതി പറഞ്ഞ കാര്യം പറഞ്ഞെന്നേ ഉള്ളൂ. തന്ത്രിയെ 40 ദിവസം ജയിലിട്ടതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്. വിശ്വാസികളോട് സര്‍ക്കാര്‍ ഉത്തരം പറയണം. സര്‍ക്കാര്‍ വീഴ്ചകൊണ്ട് മാത്രമാണ് സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതികള്‍ പുറത്തിറങ്ങുന്നത്. യുവതീ പ്രവേശനത്തിന് സഹകരിക്കാത്തതിന്റെ പ്രതികാരമാണ് തന്ത്രിയോട് തീര്‍ത്തത്. ദേവസ്വം മന്ത്രി രാജി വച്ചാല്‍ പ്രശ്‌നം തീരുമെന്നും സഭ സുഗമമായി മുന്നോട്ട് പോകുമെന്നും കെ ബാബു പറഞ്ഞു. സഭയില്‍ ബാനറും പ്ലക്കാഡുമായി പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരിക്കുകയാണ്.
മറുപടി കേള്‍ക്കാനുള്ള ക്ഷമ പ്രതിപക്ഷത്തിന് ഉണ്ടാകണമെന്ന് കെ ബാബുവിനും പ്രതിപക്ഷത്തിനും മറുപടിയായി പി രാജീവ് പറഞ്ഞു. മന്ത്രിസഭയോട് അവിശ്വാസം രേഖപ്പെടുത്താനുള്ള ധൈര്യം ഉണ്ടോ. ആര്‍ക്കെങ്കിലും എതിരെ ഒരു അഴിമതി ആരോപണം കൊണ്ട് വരാന്‍ കഴിഞ്ഞോ. ആരോപണത്തിന്റെ കണിക പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനില്ല. പ്രകടന പത്രികയിലെ എല്ലാം പൂര്‍ത്തീകരിച്ചു എന്ന ആത്മവിശ്വാസമാണ് സര്‍ക്കാരിനുള്ളത്. ലൈഫ് വീടുകള്‍ പ്രതിപക്ഷം കണ്ടോ. വയനാട് ദുരന്ത ബാധിതര്‍ക്ക് പ്രിയങ്ക ഗാന്ധി എംപി ഒരു രൂപ നല്‍കിയോ. ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമാണിത്. നശീകരണാത്മക പ്രതിപക്ഷമാണ്. എന്തിനെയും എതിര്‍ക്കുന്നുവെന്നും പി രാജീവ് വിമര്‍ശിച്ചു.




