ശബരിമല സ്വര്‍ണക്കൊള്ള: ഹൈദരാബാദിലേക്കും അന്വേഷണം വ്യാപിപ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചെന്നൈയ്ക്ക് പുറമെ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് എസ്.ഐ.ടി. ഹൈദരാബാദ് സ്വദേശി നാഗേഷും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണ് പ്രത്യക അന്വേഷണ സംഘത്തിന്റെ സംശയം. സ്വര്‍ണ്ണപ്പാളികള്‍ ഹൈദരാബാദില്‍ വെച്ച് തട്ടിയെടുത്തെന്നാണ് സംശയം.
നാലര കിലോ സ്വര്‍ണ്ണം കുറവ് വന്നത് ഹൈദരാബാദില്‍ വെച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വര്‍ണ്ണപ്പാളി മറിച്ചു വിറ്റത് നാഗേഷിന്റെ സഹായത്തോടെയാണെന്നാണ് കണ്ടെത്തല്‍. നാഗേഷ് ഉണികൃഷ്ണന്‍ പോറ്റിക്കൊപ്പം തിരുവനന്തപുരത്തു എത്തിയിരുന്നതായാണ് സൂചന. എസ്.ഐ.ടി. തലവന്‍ എ.ഡി.ജി.പി. എച്ച് വെങ്കിടേഷ് നാളെ സന്നിധാനത്തെത്തും.പ്രത്യേക സംഘം പത്തനംതിട്ടയില്‍ യോഗം ചേരും.
അതിനിടെ ശബരിമല തിരുവാഭരണ രജിസ്റ്ററിലും ക്രമക്കേട് കണ്ടെത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരം 2019-ല്‍ നടത്തിയ ലോക്കല്‍ ഫണ്ട് ഓഡിറ്റ് പരിശോധനയിലാണ് ക്രമക്കേട്. ആറന്മുളയിലെ ദേവസ്വം സ്‌ട്രോങ്ങ് റൂമിന്റെ രജിസ്റ്ററില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ വിവരങ്ങള്‍ കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. സ്‌ട്രോങ്ങ് റൂമിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷവും വിവരങ്ങള്‍ കൈമാറിയില്ല. ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ തടഞ്ഞു വെക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഡി സുധീഷ് കുമാര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നപ്പോഴാണ് പരിശോധനകള്‍ നടന്നത്. എക്‌സിക്യൂട്ടീവ് ഓഫീസര്‍ രേഖകള്‍ ഓഡിറ്റ് സംഘത്തിന് കൈമാറിയിരുന്നു.


