ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ സ്വർണം കണ്ടെത്തി

ശബരിമലയിൽ നിന്നു ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ സ്വർണം കണ്ടെത്തിയതായി പ്രത്യേക അന്വേഷണം സംഘം. ഉണ്ണികൃഷ്ണൻ പോറ്റി വ്യാപരിയായ ഗോവർധനു കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെല്ലാരിയിൽ നിന്നാണ് കണ്ടെത്തിയത്. ഗോവർധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത് എന്നാണ് വിവരം.
400 ഗ്രാമിനു മുകളിൽ തൂക്കം വരുന്ന സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ഗോവർധന്റെ മൊഴി. പോറ്റി നൽകിയ സ്വർണം മുഴുവനായി കണ്ടെത്താനായോ എന്നു വ്യക്തമല്ല
ശബരിമലയിൽ നിന്നു കൊള്ളയടിച്ച സ്വർണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം ഇന്നലെയാണ് ബെല്ലാരിയിൽ എത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിലെ സ്വർണ വ്യാപരിയായ ഗോവർധന്റെ കൈയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിലും ബെല്ലാരിയിലുമായി തെളിെവെടുപ്പു നടത്തിയിരുന്നു. സ്വർണം വീണ്ടെടുത്തതോടെ ഗോവർധനെ കേസിൽ സാക്ഷിയാക്കാനാണ് എസ്ഐടി നീക്കം.
സ്വർണം വിറ്റെന്നു ഉണ്ണികൃഷ്ണൻ പോറ്റിയും വാങ്ങിയെന്നു ഗോവർധനും സമ്മതിച്ചതോടെയാണു ഇതു വീണ്ടെടുക്കാൻ വഴിയൊരുങ്ങിയത്. തൊണ്ടി മുതൽ കണ്ടെത്തിയതോടെ ഗൂഢാലോചനയ്ക്കൊപ്പം പൊതുമുതൽ മോഷ്ടിച്ചു വിറ്റുവെന്ന കേസും ചുമത്തും. സ്വർണം കൊടുത്തുവിട്ടവരും തീരുമാനെടുത്തവരുമെല്ലാം പ്രതികളാകും.
അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സ്വർണ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കണ്ടെത്തിയത്. രണ്ട് ലക്ഷത്തോളം രൂപയും ഇയാളുടെ വിട്ടിൽ നിന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് ഇന്നും തുടരും.
അതേസമയം മുരാരി ബാബു പെരുന്നയില്‍ വീടു നിര്‍മിച്ചതിന്റെ സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണ സംഘം പരിശോധന ആരംഭിച്ചു. ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു കണ്ടെത്തിയ അന്വേഷണസംഘം ഇന്നലെ പെരുന്നയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
പെരുന്നയില്‍ 2 നിലകളുള്ള വലിയ വീട് 2019നു ശേഷമാണ് പണിതത്. ഒന്നരവര്‍ഷം കൊണ്ടു പണിതീര്‍ത്തു. വീടിനു മാത്രം 2 കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. മുന്തിയ തടി ഉരുപ്പടികള്‍ പാകിയിട്ടുണ്ട്. ക്ഷേത്രാവശ്യങ്ങള്‍ക്കെന്നു തെറ്റിദ്ധരിപ്പിച്ച് മുരാരി ബാബു വീടുപണിക്കുള്ള തേക്കുതടികള്‍ വാങ്ങിയതെന്നാണ് സൂചന.
തിരുനക്കര, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളിലേക്കും ദേവസ്വം ഗെസ്റ്റ് ഹൗസിലേക്കുമുള്ള പണികള്‍ക്കായി തേക്കുതടികള്‍ ആദ്യം ആവശ്യപ്പെട്ടത് വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിലാണ്. അവിടെ സ്റ്റോക്കില്ലെന്നു പറഞ്ഞതോടെ പരിചയക്കാരന്റെ ഡിപ്പോയില്‍നിന്ന് ഏര്‍പ്പാടാക്കാന്‍ മുരാരി ബാബു ആവശ്യപ്പെട്ടു. വനം ഉദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് ഈ ഡിപ്പോയില്‍നിന്നു നല്‍കി. തിരുനക്കരയിലും ഏറ്റുമാനൂരിലും ഈ സമയത്ത് ഇത്രയധികം തടിപ്പണികള്‍ നടന്നിട്ടില്ലെന്നു ദേവസ്വം മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.



