
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവർത്തിച്ച് ഹൈക്കോടതി. ചെമ്പ് പൊതിഞ്ഞതാണെന്ന് എൻ വാസു ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ഇതിലാണ് കോടതിയുടെ ചോദ്യം. യഥാർത്ഥത്തിൽ സ്വർണ്ണപ്പാളികളായിരുന്നോ അവയെന്നത് നിർണ്ണായക ചോദ്യമാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എൻ വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഹർജി വിധി പറയാൻ മാറ്റി. മുരാരി ബാബുവിന്റെ ജാമ്യ ഹർജിയും വിധി പറയാൻ മാറ്റി.
അതേസമയം, ദേവസ്വം മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ റിമാൻഡ് വീണ്ടും നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് റിമാൻഡ് നീട്ടിയത്. ദ്വാരപാലക കേസിൽ പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചു. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ കസ്റ്റഡിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിബാബുവിന്‍റെയും ഇനിയുള്ള ചോദ്യം ചെയ്യൽ നിർണായകമാണ്. ഇന്നലെയാണ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയത്. ദേവസ്വം ജീവനക്കാരിൽ നിന്നും മുൻ ദേവസ്വം ബോർഡ് അംഗങ്ങളിൽ നിന്നും മറ്റ് സാക്ഷികളിൽ നിന്നും ലഭിച്ച മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ തീർക്കാനാണ് ചോദ്യം ചെയ്യൽ. ഈ ചോദ്യംചെയ്യലിൽ പല പ്രാധാന കാര്യങ്ങളും പുറത്തുവരുമെന്നാണ് എസ്ഐടി കരുതുന്നത്. അന്വേഷണം അന്തിമഘട്ടത്തിലെത്തുമ്പോള്‍ മുൻ ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്തിന്‍റെയും ഭരണ സമിതിയിലെ അംഗങ്ങളുടെയും മൊഴിയെടുക്കും.
അന്വേഷണത്തിന്‍റെ ഭാഗമായി എല്ലാവരുടെയും മൊഴിയെടുക്കേണ്ടിവരുമെന്നാണ് അന്വേഷണ സംഘ വൃത്തങ്ങള്‍ പറയുന്നത്. ഈ വർഷം ദ്വാരപാലക ശിൽപ്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയി സ്വർണം പൂശാൻ അനുമതി തേടിയത് ദേവസ്വം പ്രസിഡൻ്റ് പ്രശാന്താണെന്ന തന്ത്രിയുടെ മൊഴിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. പക്ഷെ ഏറ്റവും ഒടുവിൽ ദ്വാരപാലക ശിൽപ്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയി സ്വർണം പൂശിയത് ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണ പരിധിയിൽപ്പെടുന്നില്ല. സ്വർണപാളികള്‍ ചെന്നൈ സ്മാർട് ക്രിയേഷനിൽ കൊണ്ടുപോയി സ്വർണം വേർതിരിച്ച് തട്ടുകയായിരുന്നുവെന്നാണ് എസ്ഐടി കണ്ടെത്തിയത്. ഈ സ്ഥാപനത്തിന്‍റെ സിഇഒ പങ്കജ് ഭണ്ടാരിയെയും രണ്ടു ജീവനക്കാരെയും ഇന്നലെ എസ്ഐടി ചോദ്യം ചെയ്തു. ഇവരെ വീണ്ടും ചോദ്യം ചെയ്യും. സ്വർണം വാങ്ങി ബല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധന് നൽകിയ കൽപ്പേഷിനെയും വീണ്ടും ചോദ്യം ചെയ്യും.




