ശബരിമല സ്വർണക്കൊള്ള ; അടൂർ പ്രകാശിന്റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അടൂർ പ്രകാശിന്റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്. തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ആണെന്നായിരുന്നു അടൂർ പ്രകാശ് പറഞ്ഞത്. എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തക്ക് പിന്നിൽ പി ശശി ആണെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസിന്റെ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ് നടക്കുന്നത്. അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കൽ സെക്രട്ടറിക്കോ പങ്കില്ലെന്നാണ് വിശദീകരണം.
ശബരിമല സ്വർണക്കൊള്ള കേസില്‍ തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും വാർത്തക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നതെന്നും അടൂർ പ്രകാശ്. ചോദ്യം ചെയ്യാൻ വിളിച്ചാൽ ഹാജരാകുമെന്നും തനിക്ക് ഒരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്ഐടി വിളിപ്പിക്കുമ്പോൾ ഉറപ്പായും കാര്യങ്ങൾ മാധ്യമങ്ങളെ അറിയിക്കും എന്നും എവിടെയും ഒളിച്ചോടി പോകുന്നില്ല എന്നും അടൂർ പ്രകാശ് പറഞ്ഞു.




