ശബരിമല സ്വർണക്കൊള്ള: നിയമസഭയ്ക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്, സംഘർഷാവസ്ഥ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ് നിയമസഭയ്ക്ക് മുന്നിൽ മാർച്ച് നടത്തി. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിന്റെയും അബിൻ വർക്കിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയിൽ പൊലീസ് വാഹനത്തിന് നേരെ കല്ലേറും ഉണ്ടായി. പിരിഞ്ഞുപോകണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും പ്രവർത്തകർ പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
കണ്ണീർവാതക പ്രയോഗത്തെ തുടർന്ന് നിരവധി പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ചിലർക്കു പരിക്കേൽക്കുകയും ചെയ്തതോടെ അവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനിടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാർച്ചിനിടയിൽ സംസാരിച്ച ഒ.ജെ. ജനീഷ്, ഇത് അന്തിമ സമരപോരാട്ടങ്ങളുടെ തുടക്കമാണെന്ന് വ്യക്തമാക്കി. നാടിനെ വർഗീയതയിലേക്ക് നയിക്കുന്ന അപകടകരമായ നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, മുഖ്യമന്ത്രിയുടെ മനസ്സിൽ നിന്നുയരുന്ന വിഷം മറ്റ് നേതാക്കളിലൂടെ പുറത്തുവരുകയാണെന്നും അദ്ദേഹം ആരോപിച്ചു.




