ശബരിമല സ്വര്‍ണക്കൊള്ള കേസ്: അടൂര്‍ പ്രകാശിനെയും എസ്ഐടി ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിനെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചും, ഇരുവരും ചേര്‍ന്ന് നടത്തിയതായി പറയുന്ന ദില്ലി യാത്ര ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കാനുമാണ് ചോദ്യം ചെയ്യല്‍.
ഇന്ന് എസ്ഐടി കസ്റ്റഡിയില്‍ വാങ്ങുന്ന ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് സൂചന. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴിയില്‍ ഉന്നയിച്ച കാര്യങ്ങളും പോറ്റിയില്‍ നിന്നു വ്യക്തതപ്പെടുത്താന് സംഘം തയ്യാറെടുക്കുകയാണ്.
കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവാണ് സോണിയ ഗാന്ധിയെ കാണാന്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് അവസരം ഒരുക്കിയതെന്ന എസ്ഐടിക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ പരിധി രാഷ്ട്രീയ മേഖലയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ആറ്റിങ്ങലില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും, ഇയാള്‍ ഒരു കാട്ടുകള്ളനാണെന്ന് അറിയില്ലായിരുന്നുവെന്നും, തനിക്കു പോറ്റിയുമായി യാതൊരു ബന്ധവും ഇല്ലെന്നും അടൂര്‍ പ്രകാശ് നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.




