ശബരിമല സ്വര്‍ണപ്പാളി വിവാദം: വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി

ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി. വിരമിച്ച മറ്റ് രണ്ട് പേര്‍ക്കെതിരെയാണ് ദേവസ്വം നടപടി. മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്, തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു എന്നിവര്‍ക്കെതിരെയാണ് നടപടി. വിരമിക്കല്‍ ആനുകൂല്യം തടയാന്‍ ദേവസ്വം കമ്മീഷണറോട് നിര്‍ദ്ദേശിക്കും. ഇതുവരെ കൈപ്പറ്റിയ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും ആലോചന.
ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു ,എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് എന്നിവര്‍ക്കെതിരെയായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.
നേരത്തെ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. 2019 ല്‍ സ്വര്‍ണ്ണ പാളി ചെമ്പ് പാളി എന്ന് റിപ്പോര്‍ട്ട് എഴുതിയത് മുരാരി ബാബു ആണ്. 2025 ല്‍ സ്വര്‍ണ്ണ പാളി ഉണ്ണികൃഷ്ണന് പോറ്റിയുടെ കയ്യില്‍ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലില്‍ നിര്‍ദേശിച്ചിരുന്നു. നിലവില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു. ദ്വാരപാലക ശില്പ്പങ്ങള് ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.




