Kerala

ശബരിമല സ്വര്‍ണപ്പാളി ബംഗലൂരുവില്‍ എത്തിച്ചിരുന്നു; വിജിലന്‍സിന്റെ കണ്ടെത്തല്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ വഴിത്തിരിവ്. സ്വര്‍ണപ്പാളി ബംഗലൂരുവില്‍ എത്തിച്ചിരുന്നതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് സ്വര്‍ണപ്പാളി എത്തിച്ചത്. 2019 ല്‍ ശബരിമല ശ്രീകോവിലിലെ പ്രധാന വാതില്‍ എന്ന പേരിലാണ് ഇതു എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുന്‍ശാന്തിക്കാരനായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി.

ക്ഷേത്രത്തില്‍ ഇരുമുടി കെട്ടുന്ന സ്ഥലത്ത് വെച്ച് ഇത് എല്ലാവരെയും കാണിച്ചശേഷം പായ്ക്ക് ചെയ്ത് കൊണ്ടുപോകുകയായിരുന്നുവെന്ന് ക്ഷേത്രം മാനേജിങ് ട്രസ്റ്റി വിശ്വംഭരന്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി, രമേശ്, ഒരു സ്വാമിജി എന്നിവരാണ് വന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി മുമ്പ് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. 2004 ലാണ് ഇവിടെ നിന്നും ശബരിമലയിലേക്ക് പോയതെന്ന് വിശ്വംഭരന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി, വ്യവസായി വിവേക് ജെയിന്‍, മറ്റൊരു വ്യവസായി എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണപ്പാളി ബംഗലൂരുവില്‍ എത്തിക്കുന്നത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടത്തിയിരുന്നു. ശബരിമലയില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണപ്പാളി 39 ദിവസത്തിനു ശേഷമാണ് അറ്റകുറ്റപ്പണിക്കായി ഹൈദരാബാദില്‍ എത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2019 ല്‍ വിവേക് ജെയിന്‍ ഒരു മാധ്യമത്തിന് നല്‍കിയ വാര്‍ത്ത വിജിലന്‍സ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാന്നിധ്യവും ഇടപെടലുകളും ദുരൂഹമാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടിരുന്നു. വിദേശത്തും സ്വദേശത്തും നിന്നു വരുന്ന ഭക്തന്മാരെ ഇദ്ദേഹം പല തരത്തില്‍ ചൂഷണം ചെയ്തിരുന്നുവെന്നാണ് സൂചനകള്‍. സമഗ്ര അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം വെളിയില്‍ വരും. വെളിയില്‍ വരണം. യഥാര്‍ത്ഥത്തില്‍ അയാള്‍ സ്പോണ്‍സറായി വരുമ്പോള്‍, പണം അയാളുടേതല്ലെന്നും മറ്റു തരത്തില്‍ പലരില്‍ നിന്നായി സമാഹരിച്ചതാണെന്നും പൊലീസിന് സംശയമുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസ് വിജിലന്‍സ് അന്വേഷിച്ചു വരികയാണെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button