
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ചെന്നൈ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയേയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവർദ്ധനേയും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). നാളെ ഇരുവരേയും കസ്റ്റഡിയിൽ കിട്ടാനായി എസ്ഐടി അപേക്ഷ നൽകും. ലോഹ പാളികളിൽ ഉള്ളത് ശബരിമല സ്വർണമാണെന്ന് അറിഞ്ഞാണ് ഇരുവരും കൊള്ളയ്ക്ക് കൂട്ടു നിന്നത് എന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്.
474 ഗ്രാം സ്വർണം കൈയിൽ കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനുമായി 20 ലക്ഷം നൽകിയാൽ മതിയെന്നും പോറ്റി പറഞ്ഞതായി ഗോവർദ്ധൻ മൊഴി നൽകി. പണം നൽകിയതിന്റെ തെളിവുകളും ഗോവർദ്ധൻ എസ് ഐ ടിക്ക് നൽകി.
ശബരിമലയില്‍ നിന്നു കടത്തിക്കൊണ്ട് പോയ സ്വര്‍ണം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു വേര്‍തിരിച്ചെടുത്തത്. ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന് മുഖേന ഗോവര്ദ്ധന് വിറ്റു എന്നാണ് എഐടിയുടെ കണ്ടെത്തല്‍.800 ഗ്രാമില്‍ അധികം സ്വര്‍ണം നേരത്തെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും എസ്ഐടി കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ തന്ത്രിയുടെ മൊഴിയിലും ഗോവര്‍ദ്ധന്റെ പങ്ക് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.



