ശബരിമല സ്വര്‍ണക്കൊള്ള: സോണിയ ഗാന്ധിയുടെ പങ്ക് അന്വേഷിക്കണം; മന്ത്രി വി. ശിവന്‍കുട്ടി

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രതികരിച്ച മന്ത്രി വി. ശിവന്‍കുട്ടി, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയ ഗാന്ധിയുടെ വസതിയില്‍ എങ്ങനെ പ്രവേശനം ലഭിച്ചുവെന്നത് ഗൗരവമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയ്ക്കും അടൂര്‍ പ്രകാശ് എംപിക്കുമിടയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉണ്ടായിരുന്ന ബന്ധം അത്യന്തം ഞെട്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം സോണിയ ഗാന്ധിയിലേക്കും നീങ്ങുന്നത് നിര്‍ണായകമാണെന്ന് വി. ശിവന്‍കുട്ടി വ്യക്തമാക്കി. ഗൂഢാലോചന പൂര്‍ണമായും പുറത്തുവരണമെന്നും, പദവി നോക്കാതെ സോണിയ ഗാന്ധിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കേസില്‍ സോണിയ ഗാന്ധിയുടെ മൊഴി നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുത്തിരുന്ന ഒരു ചടങ്ങില്‍ താക്കോല്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അവിടെ എത്തിയത്. മുഖ്യമന്ത്രിയുടെ സമീപത്തുകൂടി നടന്നുപോയതുപോലെ തന്നെയാണോ സോണിയ ഗാന്ധിയുടെ കൈയില്‍ ചരട് കെട്ടിയതെന്ന ചോദ്യവും മന്ത്രി ഉയര്‍ത്തി. അതും ഒറ്റയ്ക്കല്ല, രണ്ട് തവണയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കാണാന്‍ പോയതെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.


