ശബരിമല സ്വർണക്കൊള്ള: ഞങ്ങളുടെ കൈകൾ ശുദ്ധം;ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്. ശബരിമല വിഷയത്തില്‍ ഓരോ ഘട്ടത്തിലും നിലപാട് പറഞ്ഞിട്ടുണ്ടെന്നും കുറ്റവാളി ആരായാലും പിടിക്കപ്പെടേണ്ടതാണെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു.
അന്വേഷണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകളൊന്നും ഉണ്ടാകില്ല. അന്വേഷണത്തോട് സഹകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ചിലര്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ടി പി രാമകൃഷ്ണന് പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു ടി പി രാമകൃഷ്ണൻ്റെ പ്രതികരണം.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെ എത്തിയെന്നും ടി പി രാമകൃഷ്ണൻ ചോദിച്ചു. കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്ക് പോലും അവിടെ എത്തിച്ചേരാൻ കഴിയുന്നില്ല. സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് പറയുന്നില്ലെന്ന് പറഞ്ഞ ടി പി രാമകൃഷ്ണൻ, പോറ്റി എങ്ങനെ സോണിയ ഗാന്ധിയുടെ അടുത്തുവരെ എത്തി എന്ന ചോദ്യത്തിന് ഉത്തരം വേണമെന്നും പറഞ്ഞു.




