Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഗോവർധന്‍റെ വീട്ടിൽ പരിശോധന നടത്തി എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക രേഖകള്‍ കണ്ടെത്തി എസ്‌ഐടി. കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പണമിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയത്. ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒന്നര കോടി രൂപ കൈമാറിയെന്ന ഗോവര്‍ധന്റെ മൊഴിക്ക് പിന്നാലെയാണ് മൂന്നാം തവണയും എസ്‌ഐടി ബെല്ലാരിയിലെത്തി പരിശോധന നടത്തിയത്.

ഗോവര്‍ധന്റെ ബെല്ലാരിയിലെ വീട്ടില്‍ പരിശോധന നടത്തുന്നതിനായി ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം കര്‍ണാടകയിലെത്തിയത്. അഞ്ചംഗ സംഘത്തിന്റെ പരിശോധനയില്‍ നിലവില്‍ അറസ്റ്റിലുള്ള റൊഡ്ഡം ജ്വല്ലറി ഉടമ ഗോവര്‍ധന്റെ വീട്ടില്‍ നിന്നും ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ എസ്‌ഐടി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. മൂന്നാം തവണയാണ് പ്രത്യേക അന്വേഷണ സംഘം ബെല്ലാരിയില്‍ എത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തെളിവെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബെല്ലാരിയില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ നിന്ന് നഷ്ടമായ സ്വര്‍ണത്തിന് തുല്യമായ സ്വര്‍ണം ശേഖരിച്ച് മടങ്ങിയിരുന്നു.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. അറസ്റ്റ് നിയമപ്രകാരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ നടപടി. മറ്റെല്ലാ നിയമനടപടികളും പാലിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button