ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം അനുവദിച്ചു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇരു കേസുകളിലും മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയിരുന്നു. ജാമ്യാപേക്ഷകളിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. അനുകൂല ഉത്തരവ് പുറത്തുവന്നതോടെ സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ പ്രതിയായി മുരാരി ബാബു മാറും.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്ക് നേരത്തെ ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കട്ടിളപ്പാളി കേസില്‍ 90 ദിവസം പൂര്‍ത്തിയാകാത്തതിനാല്‍ അദ്ദേഹം ഇപ്പോഴും റിമാന്‍ഡിലാണ്.
കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ 14 ദിവസത്തെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇതിനെ തുടര്‍ന്ന് റിമാന്‍ഡ് നീട്ടി വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 28ന് കോടതി പരിഗണിക്കും.




