ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബ്രിട്ടാസിനുള്ള ബന്ധം അന്വേഷിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജോണ്‍ ബ്രിട്ടാസ് എംപിക്കുള്ള ബന്ധം അന്വേഷിക്കണമെന്ന് യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ ഫോണ്‍വിളികള്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പരിശോധിക്കണമെന്നും ഫോണ്‍ രേഖകള്‍ പരിശോധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.
ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ ഡല്‍ഹിയില്‍ നിന്ന് നേതൃത്വം നല്‍കുന്ന ഒരാള്‍ ഉണ്ടെന്ന ആരോപണവും അടൂര്‍ പ്രകാശ് ഉന്നയിച്ചു. അദ്ദേഹം ഒരു പാര്‍ലമെന്റ് അംഗമാണെന്നും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ബിജെപിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് ഇതിന് പിന്നിലെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ ആ വ്യക്തിയുമായി ഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ടെന്നും, ആ കോളുകളിലൂടെയും അന്വേഷണം നടത്തേണ്ടതുണ്ടെന്നും പേരുപറയാതെ അടൂര്‍ പ്രകാശ് വ്യക്തമാക്കി.
അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചത് പ്രസാദം നല്‍കുന്നതിനായിരുന്നുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഇതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നുവെന്നും, എന്നാല്‍ ആ അനുമതി സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ എത്തിയ ശേഷം, മുന്‍ദിനം തന്നെ കൂടെ വരണമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി അഭ്യര്‍ഥിച്ചിരുന്നുവെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.



