ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, 2019ല്‍ ദേവസ്വം പ്രസിഡന്റായിരുന്ന സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും.
എസ്‌ഐടി കസ്റ്റഡിയിലുള്ള മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിമാന്റിലുള്ള മുരാരി ബാബു നല്‍കിയ ജാമ്യ അപേക്ഷ പിന്നീട് റാന്നി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.
അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസു റിമാന്‍ഡില്‍. കൊട്ടാരക്കര ജയിലേക്ക് മാറ്റിയ പ്രതിക്കായി കസ്റ്റഡി അപേക്ഷ ഉടന്‍ സമര്‍പ്പിക്കും.
എസ്‌ഐടി കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍ ആണ് വാസുവിനെതിരെയുള്ളത്. രേഖകളില്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ എന്നത് ഒഴിവാക്കി. ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശിപാര്‍ശ നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ഇടപെടല്‍ നടത്തി. ഇതര പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. ബോര്‍ഡിന് നഷ്ടവും പ്രതികള്‍ക്ക് ഇതുവഴി അന്യായ ലാഭവും ഉണ്ടായിയെന്ന് റിമാന്റ് റിപ്പോര്‍ട്ട് പറയുന്നു. ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്ന് എസ്‌ഐടി കോടതിയില്‍ പറഞ്ഞു.




