KeralaNews

ശബരിമല സ്വർണപ്പാളി വിവാദം; പുതിയ തീരുമാനമെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ‘ഇനി മുതൽ സ്പോൺസർമാരുടെ പശ്ചാത്തലം പരിശോധിക്കും’

ശബരിമല സ്വർണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ പുതിയ തീരുമാനമെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിൽ വരുന്ന എല്ലാ സ്പോൺസർമാരുടെയും പശ്ചാത്തലം പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇനി സ്പോൺസർഷിപ്പ് അനുവദിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇപ്പോഴത്തെ അനുഭവം ഒരു പാഠമാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. സ്പോണ്‍സര്‍മാരില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നാൽ, ഇനി സ്പോണ്‍സര്‍മാരുടെ പശ്ചാത്തലം പരിശോധിക്കുമെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി.ഓരോരുത്തരുടെയും പശ്ചാത്തലം വിജിലന്‍സ് ഇനിമുതല്‍ അന്വേഷിക്കും. കോടതി ഇന്നലെ പ്രഖ്യാപിച്ച അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നു. തന്റെ ഭരണകാലം അടക്കം എല്ലാം അന്വേഷിക്കട്ടെ എന്നും പ്രശാന്ത് പറഞ്ഞു.

അതേസമയം, സ്വർണപ്പാളി വിവാദത്തിൽ 2019 ൽ ശബരിമലയുടെ ചുമതലയുണ്ടായിരുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടി വന്നേക്കും. സസ്പെൻഷൻ നടപടി ഉണ്ടാകാനാണ് സാധ്യത. നിർണായക ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയവരുടെ വീഴ്ചകളാണ് യോഗം ചർച്ച ചെയ്യുക. അന്നത്തെ തിരുവാഭരണ കമ്മീഷണർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.

പീഠത്തിന് ശോഭ കുറഞ്ഞത് മാസങ്ങള്‍ക്കുള്ളിൽ
സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിയ ശബരിമലയിലെ പീഠത്തിന് ആറ് മാസങ്ങള്‍ക്കുള്ളിൽ ശോഭകുറഞ്ഞു. 2019 സെപ്റ്റംബറിലാണ് പോറ്റി സ്വർണം പൂശിയ പീഠം നൽകിയത്. 2020 മാർച്ചിൽ ശോഭ മാഞ്ഞുവെന്ന് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കത്ത് നൽകി. കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആറ് മാസത്തിനുള്ളിൽ പീഠത്തിന്റെ ശോഭ പോയി. പീഠം വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശി നൽകുമെന്ന് അറിയിച്ചതായി അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കത്തിൽ പറയുന്നു. പീഠത്തിൽ അറ്റകുറ്റപണി നടത്താൻ തന്ത്രിയും അനുമതി നൽകിയെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button